അതിരമ്പുഴ : മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ രോഗികൾക്കും അവരുടെ കൂട്ടിയിരിപ്പുകാർക്കും വേണ്ടി ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന ഫണ്ടിൽ നിന്നും ഇരുപത്തിമൂന്നു ലക്ഷം രൂപയുടെ ശുചിമുറി സമുച്ചയം നിർമ്മിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി അറിയിച്ചു. കുട്ടികളുടെ ആശുപത്രിയിൽ വാലിസ് സെന്ററിന് സമീപം നിർമ്മിക്കുന്ന ശുചിമുറി സമുച്ചയ നിർമ്മാണത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായി ജില്ലാ പഞ്ചായത്തംഗം അറിയിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്നും നാളിതുവരെ ആദ്യമായിട്ടാണ് കുട്ടികളുടെ ആശുപത്രിയിലേക്ക് വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത്. ശുചിമുറി സമുച്ചയം പൂർത്തിയാകുന്നതോടെ ദിവസേന കുട്ടികളുടെ ആശുപത്രിയിൽ വന്നു പോകുന്ന രോഗികൾക്കും കൂട്ടിയിരിപ്പുകാർക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് അവർ പറഞ്ഞു. ശുചിമുറി സമുച്ചയത്തിന്റെ നിർമ്മാണോദ്‌ഘാടനം വ്യാഴം രാവിലെ 10.30ന് ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിക്കും.