റാസല്‍ഖൈമ ഇക്കണോമിക് സോണിന്റെ ആഭിമുഖ്യത്തിൽ ബിസിനസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം കൊച്ചിയില്‍

കൊച്ചി: യുഎഇ റാസല്‍ഖൈമയില്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിന് കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമ ഇക്കണോമിക് സോണ്‍ ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം കൊച്ചിയില്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, വിവിധ വ്യാവസായിക സംഘടനകള്‍, ചാനല്‍ ഐ ആം ഡോട്ട് കോം എന്നിവയുടെ സഹകരണത്തോടെ ഒക്ടോബര്‍ 27, 28 തീയതികളിലായി കളമശേരി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്റഗ്രേറ്റഡ് കോംപ്ലക്സിലാണ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം നടക്കുന്നത്.

ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി റാക്കേസില്‍ നിന്നുള്ള കമ്പനി സജ്ജീകരണ വിദഗ്ധർ അടങ്ങുന്ന പ്രതിനിധി സംഘം സംസ്ഥാനത്തെ തിരഞ്ഞെടുത്ത മേഖലകളില്‍ നിന്നുള്ള നൂറോളം സ്ഥാപകരും, സംരംഭകരും, ബിസിനസ്സ് ഉടമകളുമായി സംവദിക്കും. ഇക്കണോമിക് സോണില്‍ ലഭ്യമായ വിപുലമായ ബിസിനസ് അവസരങ്ങളെക്കുറിച്ച് അവര്‍ക്ക് വിശദീകരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിലെ ബിസിനസ്സ് ഉടമകളെ കാണാനും അവരെ യുഎഇയിലേക്ക് സ്വാഗതം ചെയ്യാനും തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് റാക്കേസ് ഗ്രൂപ്പ് സിഇഒ, റാമി ജലാദ് പറഞ്ഞു. പതിറ്റാണ്ടുകളായി രാജ്യം ഇന്ത്യന്‍ നിക്ഷേപകരുമായി പ്രത്യേക ബന്ധം പങ്കിടുന്നുണ്ട്. ഈ ബന്ധം വ്യാപാരത്തിനും ബിസിനസ്സിനും അതീതമാണ്. റാക്കേസിലെ മുന്‍നിര നിക്ഷേപകരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്, സ്റ്റാര്‍ട്ടപ്പുകളും എസ്എംഇകളും മുതല്‍ വന്‍കിട വ്യവസായികളും ഉൾപ്പെടെയുള്ള 3,800 ലധികം ഇന്ത്യന്‍ കമ്പനികളെ തങ്ങള്‍ പിന്തുണയ്ക്കുന്നു. യുഎഇയിലെ അവരുടെ പുതിയ സംരംഭങ്ങളില്‍ അവരെ സഹായിക്കുമ്പോള്‍ തന്നെ കേരളത്തില്‍ നിന്നുള്ള നിക്ഷേപകരുമായി പുതിയ ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു വേദിയായി ഈ പ്രോഗ്രാം വര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 28 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കെഎസ്ഐഡിസി, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, ടൈകേരള, ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ്, ചേംബര്‍ ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള പങ്കാളികളുമായി ചര്‍ച്ച സംഘടിപ്പിക്കും.

റാസല്‍ഖൈമ സര്‍ക്കാരിന്റെ ബിസിനസ്, വ്യാവസായിക ഹബ്ബാണ് റാക്കേസ്. സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട, സൂക്ഷ്മ സംരംഭകര്‍, വ്യവസായികള്‍ എന്നിവര്‍ക്ക് ബിസിനസ് ലൈസന്‍സ്, ആവശ്യമായ സൗകര്യങ്ങള്‍, വിസ ഫെസിലിറ്റേഷന്‍, ബാങ്ക് അക്കൗണ്ട് ആരംഭിക്കല്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കി ബിസിനസ് വ്യാപനത്തിന് അവരെ സഹായിക്കാനാണ് റാക്കേസ് ലക്ഷ്യമിടുന്നത്.

Hot Topics

Related Articles