കോട്ടയം: അന്തരിച്ച കേരള കോൺഗ്രസ് നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസിന് അന്തിമോപചാരം അർപ്പിക്കാനൊരുങ്ങി നാട്. ഇന്ന് സെപ്റ്റംബർ ഒൻപത് ചൊവ്വാഴ്ച ഏറ്റുമാനൂരിലും കോട്ടയത്തും ഭൗതിക ദേഹം പൊതുദർശനത്തിന് വയ്ക്കും. രണ്ടിടത്തും പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അന്തിമോപചാരണം അർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
സെപ്റ്റംബർ ഒൻപത് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിന്നും വിലാപയാത്ര ആരംഭിക്കും. 2.30 ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഭൗതിക ദേഹം എത്തിയ്ക്കും. തുടർന്ന് ഇവിടെ ക്രമീകരിച്ചിരിക്കുന്ന വേദിയിൽ പൊതുദർശനം നടത്തും. തുടർന്ന്, അതിരമ്പുഴ, മെഡിക്കൽ കോളേജ്, പനമ്പാലം, ബേക്കർ ജംഗ്ഷൻ, ശാസ്ത്രി റോഡ് വഴി വൈകിട്ട് മൂന്നിന് ഭൗതിക ദേഹം കോട്ടയം ബാർ അസോസിയേഷനിൽ പൊതുദർശനത്തിന് വയ്ക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് കെ.കെ റോഡിലൂടെ കടന്നു വരുന്ന വിലാപ യാത്ര ജില്ലാ ആശുപത്രിയ്ക്കു മുന്നിൽ അന്തിമോപചാരം അർപ്പിക്കാൻ നിർത്തും. തുടർന്ന് കെ.എസ്.ആർ.ടി.സി വഴി കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ എത്തിയ്ക്കും. ഇവിടെ പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരം ഉണ്ട്. ഇതിന് ശേഷം വൈകിട്ട് ആറിന് എം.സി റോഡ് വഴി പാറമ്പുഴയിലുള്ള വസതിയിൽ ഭൗതികദേഹം എത്തിക്കും. തുടർന്ന് നാളെ സെപ്റ്റംബർ പത്ത് ബുധനാഴ്ച വൈകിട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്‌കാരം നടത്തും. പാറമ്പുഴ ബദ്‌ലഹേംപള്ളിയിൽ നടക്കുന്ന സംസ്‌കാര ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യകാർമ്മികത്വം വഹിക്കും.