കേരളത്തിലെ ഉൽസവപറമ്പുകളിലെ നിറ സാന്നിധ്യം ; തൃശൂർ പൂരത്തിൽ അരനൂറ്റാണ്ടിലധികം കാലം തിടമ്പേറ്റിയ ഗജവീരൻ ; ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു

തൃശൂർ : തൃശൂർ പൂരമടക്കം കേരളത്തിലെ ഉൽസവപറമ്പുകളിലെ നിറ സാന്നിദ്ധ്യമായിരുന്ന കൊമ്പൻ ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു. 70 വയസിലേറെ പ്രായമുണ്ട്‌. തിങ്കളാഴ്‌ച പകൽ ഒന്നോടെയോടെ കുളിപ്പിക്കുന്നതിനിടെ വിറയൽ അനുഭവപ്പെടുകയും തുടർന്നു ചരിയുകയുമായിരുന്നു.
തൃശൂർ പൂരത്തിൽ അരനൂറ്റാണ്ടിലധികം കാലം തിടമ്പേറ്റിയതിന് ഇക്കഴിഞ്ഞ പൂരത്തലേന്ന് മണികണ്ഠനെ ആദരിച്ചിരുന്നു.

Advertisements

തൃശൂർ പൂരത്തിന്റെ പറയെടുപ്പു മുതൽ മഠത്തിൽ വരവിന്റെ ഇറക്കിയെഴുന്നള്ളിപ്പിൽ വരെയായി 58 വർഷത്തോളം സാനിധ്യമായിരുന്നു. തിരുവമ്പാടിയിൽ പറയെടുത്താണ്‌ മണികണ്ഠൻ ആദ്യമായി തൃശ്ശൂർ പൂരത്തിന്റെ ഭാഗമായത്‌. പിന്നീട് അത് മഠത്തിലേക്ക് കയറ്റി എഴുന്നെള്ളിക്കുകയും, മഠത്തിൽ വരവിന് ഇടത്തേ കൂട്ട് നിൽക്കുകയും ചെയ്യുന്ന നില വരെ ആയി. തൃശൂർ പൂരത്തിന് തിരുവമ്പാടിക്കും പ്രതിഷ്ഠാദിനത്തിന് പാറമേക്കാവിനും മണികണ്ഠൻ തിടമ്പേറ്റിയിട്ടുണ്ട്. പൂരത്തിന്‌ നെയ്തലക്കാവ്‌ വിഭാഗത്തിനും കോലമേന്താറുണ്ട്‌.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃശൂർ,ആറാട്ടുപുഴ, തൃപ്പുണിത്തുറ, കൂടൽമാണിക്യം, നെന്മാറ വല്ലങ്ങി തുടങ്ങി കേരളത്തിലെ പ്രസിദ്ധമായ ഉൽസവങ്ങളിലെല്ലാം ശങ്കരംകുളങ്ങര മണികണ്ഠൻ സജീവമായിരുന്നു.
തൃശൂർ നഗരത്തിലെ ആദ്യമായി എത്തിയ ആനകളിൽ ഒന്നാണ്‌. 1960ൽ നിലമ്പൂർ കോവിലകത്തെ ആനയെ വാങ്ങി ശങ്കരംകുളങ്ങരയിൽ നടയിരുത്തി മണികണ്ഠൻ എന്ന് പേരിട്ടു.

തൃശ്ശൂരിലും, പാലക്കാട് പരിസരങ്ങളിലും ഉള്ള പഴയകാല ആനകളുടെ കൂടെ എഴുന്നെള്ളിച്ച ആനകളിൽ അവസാനത്തെ ആനയാണ് മണികണ്ഠൻ. നാടൻ ആനയുടെ സൗന്ദര്യമാണ്‌. ശാന്തനാണ്‌. ഗുരുവായൂർ പത്മനാഭന്റെ ഛായയുണ്ടെന്ന്‌ ആനപ്രേമികൾ പറയും. തൃശൂർ പൂരത്തോടനുബന്ധിച്ച്‌ പ്രധാന ആനകളെയും പാപ്പാന്മാരേയൂം പരിചയപ്പെടുത്തുന്ന ആർടിസ്‌റ്റ്‌ നന്ദൻപിള്ളയുടെ കാർട്ടൂൺ പരമ്പരയിൽ മണികണ്ഠനുണ്ടായിരുന്നു.

Hot Topics

Related Articles