ഒപ്പിടാതെ ബില്ലുകൾ ;  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരേ  സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍

ഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവെക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ ഉടൻതന്നെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും.നിയമസഭ വിശദമായ ചര്‍ച്ചകള്‍ നടത്തിയ പാസാക്കിയ എട്ടു ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. 

Advertisements

സമാനമായ വിഷയത്തില്‍ തെലങ്കാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ഗവര്‍ണറില്‍നിന്ന് അനുകൂല നടപടിയുണ്ടായിരുന്നു. സര്‍വകലാശാലാ ബില്ലില്‍ ഒപ്പുവെക്കാതെ വൈകിപ്പിക്കുന്ന ബംഗാള്‍ ഗവര്‍ണറുടെ നടപടിയില്‍ അടുത്തിടെ സുപ്രീംകോടതി അതൃപ്തിയറിയിച്ചിരുന്നു. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടുന്നതിന്റെ സമയക്രമം ഭരണഘടനയില്‍ പറയുന്നില്ലെങ്കിലും അനിശ്ചിതകാലത്തേക്ക്‌ തീരുമാനം നീട്ടിക്കൊണ്ടുപോകണമെന്നല്ല അതിനര്‍ഥമെന്നും അടുത്തിടെ സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണിവ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്ത് ബില്ലുകളിലാണ് തെലങ്കാന ഗവര്‍ണര്‍ ഒപ്പിടാതിരുന്നത്. എന്നാല്‍ കേസ് രണ്ടാമത് പരിഗണനയ്ക്കെത്തിയപ്പോഴേക്കും മൂന്നു ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കുകയും മൂന്നെണ്ണം രാഷ്ട്രപതിക്കയക്കുകയും ബാക്കിയുള്ളവയില്‍ വിശദീകരണം ചോദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് മടക്കുകയും ചെയ്തു. അതേസമയം, സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന നിലപാടാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. സുപ്രീംകോടതിയില്‍ പോകുന്നതോടെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആശയക്കുഴപ്പം മാറുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. 

ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബില്‍, സര്‍വകലാശാലാ ചാൻസലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ തുടങ്ങി എട്ട് ബില്ലുകളിലാണ് തീരുമാനമെടുക്കാത്തത്. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക്‌ തടഞ്ഞുവെക്കാൻ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്ന വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകൻ ഫാലി എസ്. നരിമാനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. മുൻ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനെ സുപ്രീംകോടിയില്‍ ഹാജരാക്കാനാണ് സര്‍ക്കാര്‍ നീങ്ങുന്നത്.

Hot Topics

Related Articles