കോട്ടയം : കോടിമതയിൽ മാലിന്യം ശേഖരിക്കുന്നതിനായി വീട്ടിലെത്തിയ ഹരിതകർമ്മ സേനാംഗങ്ങൾക്ക് നേരെ അസഭ്യവും ആക്രമണവും. ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ച രണ്ട് ഹരിത കർമ്മ സേനാംഗങ്ങളായ സ്ത്രീകളുടെ ഫോണുകൾ തല്ലിപ്പൊട്ടിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. കോടിമത പളളിപ്പുറത്ത് കാവിന് സമീപത്തെ വീട്ടിൽ എത്തിയ കോട്ടയം നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളായ ഗീത ചിതംബരം , മോളമ്മ ബാബു എന്നിവരാണ് പരാതി ഉന്നയിച്ചത്. ശനിയാഴ്ച രാവിലെ 10.30 നാണ് ഗീതയും മോളമ്മയും കോടിമതയിലെ വീട്ടിൽ എത്തിയത്. വീട്ടിൽ എത്തിയ ശേഷം വിലാസം എഴുതിയെടുത്തു. ഇതിനിടെ വീട്ടിൽ ഹരിത കർമ്മ സേന ഒട്ടിച്ചിരുന്ന ക്യു ആർ കോഡ് കീറിയിരുന്നു. ഇതിനെ പറ്റി ചോദിച്ചതോടെ ക്ഷുഭിതനായ ഗൃഹനാഥൻ പുറത്തിറങ്ങി തങ്ങൾക്ക് നേരെ ആക്രോശിച്ചു കൊണ്ട് എത്തുകയായിരുന്നു എന്ന് ഗീതയും മോളമ്മയും പറയുന്നു. വീട്ടിൽ നിന്നു പുറത്തിറങ്ങിയ ഇരുവരെയും പിന്നാലെ എത്തിയ ഗൃഹനാഥൻ ഗേറ്റ് ഉപയോഗിച്ച് തള്ളി പുറത്തിറക്കി. ഗേറ്റ് പുറത്തിടിച്ച് രണ്ടു പേർക്കും നിസാര പരിക്കേറ്റു. ഇതിനെ ചോദ്യം ചെയ്തതോടെ തങ്ങൾക്ക് നേരെ വീണ്ടും ആക്രമണത്തിനായി ഇദ്ദേഹം ഓടിയെത്തിയതായി ഹരിത കർമ്മ സേനാംഗങ്ങൾ പറയുന്നു. ഇതിനെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേരുടെയും ഫോൺ ഇദ്ദേഹം താഴെയിട്ട് പൊട്ടിച്ചതെന്നും പരാതിയിൽ പറയുന്നു. ഇരുവരും പിന്നീട് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.