കോട്ടയം: എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ നാഷണൽപെർമിറ്റ് ലോറിയും സ്‌കൂട്ടറും ഇടിച്ച് യാത്രക്കാരന് പരിക്ക്. ഇത്തിത്താനം സ്വദേശിയായ വർഗീസ് (65)നാണ് അപകടത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കോട്ടയം കോടിമത നാലുവരിപ്പാതയിൽ കൊണ്ടോടി പമ്പിനു മുന്നിലായിരുന്നു അപകടം ഉണ്ടായത്. നാലുവരിപ്പാതയിൽ ഡിവൈഡർ അവസാനിക്കുന്ന ഭാഗമാണ് ഇത്. ഈ സ്ഥലത്ത് വച്ച് നാഷണൽ പെർമിറ്റ് ലോറിയെ ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്യാൻ സ്‌കൂട്ടർ ശ്രമിച്ചതാണ് അപകടത്തിന് കാരണമായി മാറിയതെന്നാണ് ലഭിക്കുന്ന വിവരം. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്.
ഒരു മാസം മുൻപ് കോടിമത നാലുവരിപ്പാതയിൽ പിക്കപ്പ് വാനിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ ദമ്പതിമാർക്ക്് ദാരുണാന്ത്യം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ നിരന്തരം ഈ പ്രദേശത്ത് അപകടം ഉണ്ടാകുകയും ചെയ്തു. ഇന്ന് കൂടി അപകടം ഉണ്ടായതോടെയാണ് ഇപ്പോൾ വീണ്ടും നിരന്തര അപകടം ഉണ്ടായിരിക്കുന്നത്.