കോട്ടയം കൊല്ലാട് പട്ടാപ്പകൽ വീട്ടമ്മയ്ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം: വീട്ടിൽ കയറിയ അക്രമി സംഘം ഷോൾ തലയിലിട്ട ശേഷം മുളക് പൊടിയും അരിപ്പൊടിയും തലവഴി എറിഞ്ഞു; അക്രമി സംഘത്തിൽ നാലു പേരെന്നു വീട്ടമ്മ: വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: കൊല്ലാട് ഷാപ്പുംപടിയിൽ വീട്ടമ്മയ്ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ഷോൾ തലയിലിട്ട ശേഷം അക്രമി സംഘം ഇവരുടെ തലയിലേയ്ക്കും ശരീരത്തിലേയ്ക്കും കുരുമുളക് പൊടിയും അരിപ്പൊടിയും ചൊറിയുന്ന തരം പൊടിയും എറിഞ്ഞതായി ആരോപണം. കൊല്ലാട് കൊല്ലാട് കളങ്കുന്നേൽ അലക്‌സ് തോമസിന്റെ ഭാര്യ സവിത അലക്‌സിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 11.30 ഓടെ കൊല്ലാട് ഷാപ്പുംപടിയിലെ ഇവരുടെ വീട്ടിലായിരുന്നു സംഭവം. വീടിന്റെ പിന്നിൽ അടുക്കള ഭാഗത്തു കൂടി ഇവർ മാലിന്യങ്ങൾ കളയുന്നതായി പുറത്തിറങ്ങിയതായിരുന്നു. ഈ സമയം തന്റെ തലയിൽ ഷോളിനു സമാനമായ തുണി പുതപ്പിച്ച ശേഷം നാലംഗ അക്രമി സംഘം മുളക് പൊടിയും, അരിപ്പൊടിയുമായി ആക്രമണം നടത്തുകയായിരുന്നുവെന്നു വീട്ടമ്മ പൊലീസിനു മൊഴി നൽകി. ഇവരുടെ ഭർത്താവും മകളും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാര്യയുടെ ബഹളം കേട്ട് ഭർത്താവ് അല്ക്‌സ് ഓടിയെത്തിയപ്പോഴേയ്ക്കും ഇവർ ഓടിരക്ഷപെട്ടിരുന്നതായി വീട്ടമ്മയും ഭർത്താവും പറയുന്നു. അക്രമി സംഘത്തിൽ നാലു പേരുണ്ടായിരുന്നതായും, ഒരാൾ പെൺവേഷം കെട്ടിയിരുന്നതായും വീട്ടമ്മ നൽകിയ മൊഴിയിൽ പറയുന്നു. പ്രതികൾ മുളകുപൊടി പൊതിഞ്ഞുകൊണ്ടു വന്നതായി സംശയിക്കുന്ന പത്രക്കടലാസും സംഭവ സ്ഥലത്തു നിന്നും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സമാന രീതിയിൽ ഈ വീട്ടമ്മയ്ക്കു നേരെ ആക്രമണം ഉണ്ടായതായും ഭർത്താവ് പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് അക്രമം ഉണ്ടായ സമയത്ത് വീട്ടിലെ സി.സി.ടി.വി ക്യാമറകൾ ഒന്നും പ്രവർത്തിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ സംഭവം സംബന്ധിച്ചു പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ, ഇവർ പറഞ്ഞതിനു സമാനമായ കാര്യങ്ങളൊന്നും ഇവിടെ നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ഇതു സംബന്ധിച്ചു വ്യക്തതവരുത്താൻ സാധിക്കൂ എന്നാണ് പൊലീസ് നിലപാട്.

Hot Topics

Related Articles