കോന്നിയില്‍ എല്ലാ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും; ; റാപ്പിഡ് റെസ്‌പോണ്‍സ് ടീം രംഗത്തിറങ്ങും; മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനത്തെ പൂര്‍ണ സജ്ജമാക്കിയെന്ന്അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തില്‍ മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനത്തെ പൂര്‍ണ സജ്ജമാക്കിയതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പേമാരിയെ തുടര്‍ന്നുള്ള സാഹചര്യം നേരിടാന്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥ തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നിയില്‍ 97 മില്ലീമീറ്റര്‍ മഴയാണ് ഒരു ദിവസം പെയ്തത്. മഴ തുടരുകയുമാണ്. മഴക്കെടുതി നേരിടാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥ തല യോഗത്തില്‍ തീരുമാനമായി.

Advertisements

നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും. പഞ്ചായത്ത് തലത്തിലും, താലൂക്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ അടിയന്തിരമായി പ്രവര്‍ത്തനം ആരംഭിക്കാനും തീരുമാനമായി. എല്ലാ വില്ലേജിലെയും സ്‌കൂളുകളുടെ താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍ വാങ്ങി സൂക്ഷിക്കും. ഒരു പഞ്ചായത്തില്‍ രണ്ടു ക്യാമ്പുകള്‍ വീതം അടിയന്തിരമായി ആരംഭിക്കും, കോവിഡ് ബാധിതര്‍ക്ക് പ്രത്യേകമായി ക്യാമ്പ് തയാറാക്കും. പഞ്ചായത്ത് ചുമതലയിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീം മഴക്കെടുതി നേരിടാന്‍ രംഗത്തിറങ്ങും. എല്ലാ പഞ്ചായത്തിലും ആംബുലന്‍സുകളും, ജെസിബികളും സജ്ജമാക്കി വയ്ക്കും. പോലീസ്-വനം-ഫയര്‍ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റുകള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് രംഗത്തിറങ്ങണമെന്നും യോഗം തീരുമാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വകയാര്‍ ഭാഗത്ത് തോട് കരകവിഞ്ഞ് പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ഗതാഗത തടസം ഉണ്ടായിട്ടുണ്ട്. യാത്ര സുഗമമാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്ന് എംഎല്‍എ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഗതാഗത ക്രമീകരണങ്ങള്‍ക്ക് പോലീസ്, ആര്‍ടിഒ വിഭാഗങ്ങളും വേണ്ട ഇടപെടല്‍ നടത്തണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.
നിലവില്‍ സംഭവിച്ചിട്ടുള്ള വെള്ളപ്പൊക്ക കെടുതികള്‍ യോഗം പരിശോധിച്ചു. വെള്ളം കയറിയതിനെ തുടര്‍ന്ന് കലഞ്ഞൂരില്‍ നാലും, കോന്നിയില്‍ ഒന്നും കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ചിറ്റാറില്‍ ശ്രീകൃഷ്ണപുരത്ത് നാലു വീടുകളില്‍ വെള്ളം കയറി. മലയാലപ്പുഴ പഞ്ചായത്തില്‍ കല്ലാറിന്റെ തീരത്തുള്ള 15 വീട്ടുകാര്‍ വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് വില്ലേജ് ഓഫീസര്‍ യോഗത്തെ അറിയിച്ചു. സീതത്തോട് പഞ്ചായത്തിലും അടിയന്തിരമായി ക്യാമ്പ് ആരംഭിക്കുമെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു.

മണ്ഡലത്തില്‍ പല ഭാഗങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. പല വീടുകളും സംരക്ഷണഭിത്തി തകര്‍ത്ത് അപകടാവസ്ഥയിലായിട്ടുണ്ട്. കോന്നി പഞ്ചായത്തിലെ കൊന്നപ്പാറ, ചെമ്മാനി, ചിറ്റൂര്‍മുക്ക് വാര്‍ഡുകളില്‍ വീടുകളുടെ സംരക്ഷണ ഭിത്തികള്‍ ഇടിഞ്ഞതായും, വെള്ളപ്പൊക്ക സാധ്യത വളരെ ഉയര്‍ന്നതായും പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായര്‍ യോഗത്തെ അറിയിച്ചു. പൊന്തനാംകുഴി കോളനി നിവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയോടെ ഇടപെടല്‍ നടത്തണമെന്ന് എംഎല്‍എ നിര്‍ദേശം നല്കി.
കലഞ്ഞൂര്‍ പഞ്ചായത്തിലും നിരവധി വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ യോഗത്തെ അറിയിച്ചു. പതിനൊന്നാം വാര്‍ഡിലെ കുപ്പുമണ്‍, പതിനഞ്ചാം വാര്‍ഡിലെ മണ്ണില്‍ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. റോഡുകള്‍ക്കും നാശനഷ്ടമുണ്ടായതായി പ്രസിഡന്റ് പറഞ്ഞു.

മൈലപ്ര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. വീടുകളുടെ സംരക്ഷണഭിത്തികളും ഇടിഞ്ഞു. റോഡുകള്‍ തകര്‍ന്നതുമൂലം യാത്ര ദുസഹമായിട്ടുള്ളതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
യോഗത്തില്‍ എംഎല്‍എയെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, തഹസീല്‍ദാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പോലീസ്, പൊതുമരാമത്ത്, ആര്‍ടിഒ പ്രതിനിധികള്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താലൂക്ക്തല കണ്‍ട്രോള്‍ റൂം നമ്പര്‍: 0468-2240087.

Hot Topics

Related Articles