കോട്ടയം: മാലിന്യമുക്ത ജില്ല എന്ന സ്വപ്‌നവുമായി സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടികൾ കർശനമാക്കിയതോടെ മാലിന്യം വലിച്ചെറിയുന്നവർ കൊടുക്കേണ്ടിവരുന്നത് വലിയ വില. 2024- 2025 കാലയളവിൽ ജില്ലയിൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ നടത്തിയ പരിശോധനയിലൂടെ 36.91 ലക്ഷം രൂപ പിഴയിട്ടു. 2025ൽ ആദ്യമൂന്നുമാസം കൊണ്ടുമാത്രം 8.93 ലക്ഷം രൂപയാണ് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തവർക്കെതിരേ പിഴയിട്ടത്. ഈ കാലയവളിൽ ജില്ലയിലെ രണ്ട് എൻഫോഴ്‌സ്‌മെന്റ് സ്്ക്വാഡുകൾ 427 പരിശോധനകളാണ് നടത്തിയത്.
മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി രണ്ടുവർഷം കൊണ്ട് 5375.44 ടൺ മാലിന്യങ്ങളാണ് ജില്ലയിൽനിന്ന് ഇതുവരെ നീക്കം ചെയ്തത്. 1049.77 ടൺ പുനരുപയോഗിക്കാവുന്ന മാലിന്യവും പുനരുപയോഗസാധ്യമല്ലാത്ത 3623.42 ടൺ മാലിന്യവും 31.57 ടൺ ഇ-മാലിന്യവും 625.72 ടൺ കുപ്പിച്ചില്ലുകളും 44.94 ടൺ ആക്രി സാധനങ്ങളും നീക്കം ചെയ്തു.
മാലിന്യ ശേഖരണത്തിനായി 816 പൊതു ബിന്നുകളും 700 ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. 464 പൊതു ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും നിലവിൽ ജില്ലയിലുണ്ട്. ജില്ലയിൽ 16 റിസോഴ്സ് റിക്കവറി ഫെസിലിറ്റി( ്ആർ.ആർ.എഫ്്)കൾ പ്രവർത്തിക്കുന്നു. മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ(എം. സി.എഫ്) 95 എണ്ണവും മിനി എം.സി.എഫുകൾ 1597 എണ്ണവും ഉണ്ട്. മാലിന്യശേഖരണത്തിനും തരംതിരിക്കലിനുമായി 2403 ഹരിതകർമസേനാംഗങ്ങളുടെ സേവനവും ജില്ലയിലുണ്ട്.
കോട്ടയം ജില്ലയിൽ വലിച്ചെറിഞ്ഞാൽ വലിയവില കൊടുക്കേണ്ടിവരും : 2024-25 വർഷം പിഴയീടാക്കിയത് 36.91 ലക്ഷം രൂപ: ഈ വർഷം മാർച്ച് വരെ 427 പരിശോധന, 8.93 ലക്ഷം പിഴ

Advertisements