മണർകാട് : കാട് പിടിച്ചു കിടക്കുന്ന വഴിയും പരിസരവും വൃത്തിയാക്കാനെത്തിയ വനിതാ പഞ്ചായത്ത് അംഗത്തെയും ജീവനക്കാരെയും അപകീർത്തിപ്പെടുത്താനും അപമാനിക്കാനും ശ്രമമെന്ന് ആരോപണം. വഴി വൃത്തിയാക്കുന്ന ജോലികൾ തടസപ്പെടുത്തിയ വയോധികയും ഭർത്താവും ചേർന്ന് അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചാരണം നടത്തുകയാണ് എന്നാണ് ആരോപണം. മണർകാട് പഞ്ചായത്ത് 15 ആം വാർഡ് അംഗം പ്രേമ ബിജുവാണ് മണർകാട് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.മഴക്കാല പൂർവശുചീകരണത്തിന്റെ ഭാഗമായാണ് റോഡിലെ കാടുകൾ വെട്ടി നീക്കുകയും, വൃത്തിഹീനമായ അന്തരീക്ഷം ഒഴിവാക്കുകയും ചെയ്തത്. ഈ ജോലികൾ തടസപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.
ജൂൺ ആറിനായിരുന്നു സംഭവങ്ങളുടെ തുടക്കം. മണർകാട് പഞ്ചായത്ത് 15 ആം വാർഡിലെ മറ്റത്തിൽപ്പടി – താഴത്തേടത്തുപടി റോഡിലാണ് സംഭവങ്ങൾ ഉണ്ടായത്. ഈ റോഡിലെ ശുചീകരണ പ്രവർത്തനങ്ങൾ മധ്യഭാഗത്ത് എത്തിയപ്പോൾ തർക്കവുമായി പ്രദേശവാസിയായ വയോധിക എത്തുകയായിരുന്നു. പൊതുവഴി തങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ രംഗത്ത് എത്തിയത്. തുടർന്ന് ഇവർ ഈ വഴിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് ആരോപിച്ച് രംഗത്ത് എത്തിയതായി പഞ്ചായത്തംഗം പരാതിയിൽ പറയുന്നു. മണർകാട് കൊച്ചുപറമ്പിൽ കെ.സി ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോയാണ് ഇത്തരത്തിൽ നിലപാട് സ്വീകരിച്ചതെന്നാണ് ആരോപണം ഉയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഇത്തരത്തിലുള്ള ഭീഷണി വകവയ്ക്കാതെ കാട് വെട്ടിത്തെളിക്കുന്ന ജോലികൾ പൂർണമായും പൂർത്തിയാക്കിയതായി പഞ്ചായത്തംഗം അറിയിക്കുന്നു. എന്നാൽ, ഇതിന് പിന്നാലെ പഞ്ചായത്ത് അംഗത്തിന് എതിരെ അപകീർത്തികരമായ പ്രചാരണം വീട്ടുകാർ നടത്തുകയായിരുന്നുവെന്നാണ് ആരോപണം ഉയരുന്നത്. ഇതേ തുടർന്നാണ് പഞ്ചായത്ത് അംഗം പ്രേമ ബിജു മണർകാട് പൊലീസിൽ പരാതി നൽകിയത്.
20 വർഷം മുൻപാണ് ഈ കുടുംബം ഈ പ്രദേശത്ത് താമസം ആരംഭിച്ചതെന്ന് പഞ്ചായത്ത് അംഗം നൽകിയ പരാതിയിൽ പറയുന്നു. മുൻപ് പഞ്ചായത്ത് പ്രസിഡന്റിനെയും അംഗങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചതിന് ഈ കുടുംബത്തിന് എതിരെ നേരത്തെ കേസ് നിലവിലുള്ളതായും പഞ്ചായത്ത് അംഗം പരാതിയിൽ പറയുന്നു.


