കോട്ടയം: അന്യസംസ്ഥാനക്കാരായ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറി അവരെ ആക്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വേളൂർ മാണിക്കുന്നം ഭാഗത്ത് പുതുവാക്കൽ വീട്ടിൽ അനിൽകുമാർ മകൻ അൻജിത്ത് പി.അനിൽ (22), കോട്ടയം താഴത്തങ്ങാടി പള്ളിക്കോണം ഭാഗത്ത് കാവുങ്കൽ പറമ്പ് വീട്ടിൽ ( തിരുവാതുക്കൽ മാന്താറ്റു ഭാഗത്ത് മാഹിൻ വക വീട്ടിൽ വാടകയ്ക്ക് താമസം ) ശിവകുമാർ മകൻ സൂര്യൻ എസ് (23), വേളൂർ എസ്.എൻ.ഡി. പി ശ്മശാനം ഭാഗത്ത് പനച്ചിത്തറ വീട്ടിൽ ഫിലിപ്പ് മകൻ വിപിൻ ജോസഫ് ഫിലിപ്പ് (22), വേളൂർ ബിഎസ്എൻഎൽ ഓഫീസിന് സമീപം പുറക്കടമാലിയിൽ അജി മകൻ ആദിഷ് പി. എ (20) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ആക്രി സാധനങ്ങൾ മറ്റും വീടുകളിൽ നിന്ന് എടുത്ത് വിറ്റു ഉപജീവനം നടത്തുന്ന പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികളെയാണ് ആക്രമിച്ചത്. ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം ഇവരുടെ ആക്രി സാധനങ്ങൾ വയ്ക്കുന്ന സ്ഥലത്ത് ഇരുന്ന് പ്രതികൾ മദ്യപിച്ച് ബഹളം വയ്ക്കുകയും , ഈ കാര്യം ദമ്പതികൾ വീട്ടുടമസ്ഥനെ അറിയിക്കുകയും ചെയ്തു. ഇതിലുള്ള വിരോധം മൂലം പ്രതികൾ സന്ധ്യയോടു കൂടി ദമ്പതികളുടെ വീട്ടിൽ എത്തി ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് സ്ഥലത്ത് നിന്ന് പോയ പ്രതികൾ രാത്രിയിൽ വീണ്ടും തിരിച്ചെത്തി വീട്ടിൽ അതിക്രമിച്ചു കയറി, വാക്കത്തിയും, കല്ലുകളും ഉപയോഗിച്ച് ജനൽ ചില്ലുകൾ തല്ലി തകർക്കുകയും, വീട്ടിലെ ഫർണിച്ചറുകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു. തുടർന്ന് ദമ്പതികളെ ഇരുവരെയും കല്ലുകൊണ്ട് ഇടിക്കുകയും മർദ്ദിക്കുകയും ചെയ്തു. അതിനുശേഷം ദമ്പതികൾ ശേഖരിച്ചു വെച്ചിരുന്ന ആക്രി സാധനങ്ങൾ അടിച്ചു തകർക്കുകയും, തീയിട്ടു നശിപ്പിക്കുകയും ചെയ്തു.
തുടർന്ന് പ്രതികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ദമ്പതികളുടെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്. ഐ ജയകുമാർ കെ, മാത്യു കെ.പി, എ.എസ്.ഐ അനീഷ് വിജയൻ, ബിനു രവീന്ദ്രൻ,സി.പി.ഒ മാരായ ദിലീപ് വർമ, ജോർജ് എ.സി, ലിബു ചെറിയാൻ, വിജയ് ശങ്കർ, ഷെജിമോൻ, ഷൈൻ തമ്പി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.