കോട്ടയം കുമരകത്ത് നിയന്ത്രണം നഷ്ടമായ കാർ കലുങ്കിനടിയിലേയ്ക്കു മറിഞ്ഞു; മറിഞ്ഞത് ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ കാർ

കോട്ടയം: കുമരകത്ത് നിയന്ത്രണം നഷ്ടമായ കാർ കലുങ്കിനടിയിലേയ്ക്കു മറിഞ്ഞു. അപകടത്തിൽ കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപെട്ടത്. അപകടത്തിൽപ്പെട്ട യാത്രക്കാരെ അഗ്നിരക്ഷാ സേനയും പൊലീസ് സംഘവും ചേർന്നു രക്ഷപെടുത്തി.
ശനിയാഴ്ച രാത്രി പത്തരയോടെ കുമരകം പള്ളിച്ചിറ ഭാഗത്തായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന കാർ, എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുകയായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്ടമായ സമീപത്തെ കലുങ്കിനടിയിലേയ്ക്കു കാർ മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആദ്യം രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടർന്നു പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.

Advertisements

Hot Topics

Related Articles