കോട്ടയം: പരുത്തുംപാറയിൽ യുവതിയെയും കുഞ്ഞിനെയും വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടതായി പരാതി. പ്രണയിച്ച് വിവാഹം കഴിച്ച ശേഷം ഭർത്താവ് ഉപേക്ഷിച്ചു പോയ യുവതിയെയും കുഞ്ഞിനെയുമാണ് വീട്ടുടമ വീട് പൂട്ടി പുറത്ത് നിർത്തിയിരിക്കുന്നതായി പരാതി ഉയർന്നത്. ദിവസങ്ങളോളമായി വെള്ളവും വൈദ്യുതിയും ഇവർക്ക് നിഷേധിക്കുന്നതായും പരാതിയിൽ പറയുന്നു.
പരുത്തുംപാറ സിമന്റ്കവലയിൽ താമസിക്കുന്ന യുവതിയും കുട്ടിയുമാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഒരു വർഷത്തോളമായി യുവതിയും ഭർത്താവും തമ്മിൽ ബന്ധമില്ല. മറ്റൊരു യുവതിയ്‌ക്കൊപ്പം പോയതിനാൽ ഭർത്താവ് തന്നെ നോക്കുന്നില്ലെന്നാണ് പരാതി. ഇതേ തുടർന്ന് യുവതി ഭർത്താവിന് എതിരെ കോടതിയെ സമീപിക്കുകയും കോടതി ഇയാൾക്ക് എതിരെ കേസെടുക്കാൻ പൊലീസിനു നിർദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് ഭർത്താവിന് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ യുവതി പ്രോട്ടക്ഷൻ ഓഫിസറെ സമീപിച്ച് തന്നിക്കും കുട്ടിയ്ക്കും ചിലവിന് നൽകണമെന്നും വാടകയ്ക്ക് വീട് എടുത്ത് നൽകണമെന്നും ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച പ്രോട്ടക്ഷൻ ഓഫിസറുടെ നിർദേശം അനുസരിച്ചാണ് ഫെബ്രുവരിയിൽ പനച്ചിക്കാട് ഇവരുടെ ഭർത്താവ് യുവതിയ്ക്കും കുട്ടിയ്ക്കും വീട് എടുത്ത് നൽകിയത്. ഇന്ന് രാവിലെ കോടതിയിൽ കേസിന്റെ ആവശ്യത്തിനായി യുവതി പോയ ശേഷം മടങ്ങിയെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതായാണ് കണ്ടത്. തുടർന്ന്, യുവതി പൊലീസിനെ വിളിച്ചെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു സഹായവും ലഭിച്ചില്ലെന്ന് ഇവർ പറയുന്നു. മൂന്നു മണിക്കൂറോളമായി യുവതിയും കുട്ടിയും വീടിനു മുന്നിലിരിക്കുകയാണ്. അടിയന്തരമായി അധികൃതർ വിഷയത്തിൽ ഇടപെടണമെന്നാണ് യുവതിയുടെ ആവശ്യം.