കോട്ടയം നഗരം കുരുങ്ങിക്കിടക്കുന്നു ! കളക്ടറേറ്റിനു സമീപം മരം ഒടിഞ്ഞു വീണത് തകർത്തത് ആറു വൈദ്യുതി പോസ്റ്റുകൾ ; കെ കെ റോഡിൽ വൻ ഗതാഗതക്കുരുക്ക്; വാഹനങ്ങൾ വഴിതിരിച്ചു വിടുന്നു

കോട്ടയം : കളക്ടറേറ്റിനു സമീപം മരം കടപുഴകി വീണ് ആറു വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ കെ.കെ റോഡിൽ ഗതാഗതകുരുക്ക്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ സമീപമാണ് വൈദ്യുതി പോസ്റ്റിലേക്ക് മരം കടപുഴകി വീണത്. വൈദ്യുതി ലൈനുകൾക്കു മുകളിലേക്ക് മരം വീണതോടെയാണ് പോസ്റ്റുകൾ ഒടിഞ്ഞുവീണത്. കളക്ടറേറ്റിനു മുന്നിൽ ആറിടത്തായാണ് പോസ്റ്റുകൾ റോഡിലേക്ക് ഒടിഞ്ഞുവീണു കിടക്കുന്നത്. ഇതോടെ കഞ്ഞിക്കുഴി മുതൽ മലയാള മനോരമ വരെയുള്ള കെ കെ റോഡ് ഭാഗത്ത് റോഡ് ഗതാഗതം വഴിതിരിച്ചുവിട്ടു. ഇതോടെ കോട്ടയം നഗരത്തിൽ ഇടറോഡുകളിൽ അടക്കം ഗതാഗതക്കുരുക്കാണ്. സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. വൈകിട്ട് നാലരയോടെ വീണ മരം വെട്ടി മാറ്റാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. അഗ്നി രക്ഷാ സേനാ സംഘത്തിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂറിലേറെയായി പ്രദേശത്ത് മരം വെട്ടി മാറ്റാനുള്ള ശ്രമം നടക്കുകയാണ്. വാഹനങ്ങൾക്ക് മുകളിലേക്കും മരം വീണതായി സംശയമുണ്ട്. എന്നാൽ ഇതുവരെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Advertisements

Hot Topics

Related Articles