കോട്ടയം ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു ;  രണ്ടുപേർ അറസ്റ്റിൽ ; പിടിയിലായത് അതിരമ്പുഴ സ്വദേശികൾ

ഏറ്റുമാനൂർ : കള്ള് ഷാപ്പിൽ വച്ചുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ ഓണംതുരുത്ത് കവല ഭാഗത്ത്  കദളിമറ്റം തലയ്ക്കൽ വീട്ടിൽ സുമേഷ് കെ.ആർ (29), അതിരമ്പുഴ ഓണന്തുരുത്ത് കവല ഭാഗത്ത് തലയ്ക്കുമറ്റത്തിൽ വീട്ടിൽ  ജെറിൻ സോയി (28) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ഉച്ചയോടുകൂടി ഓണംതുരുത്ത് കള്ള് ഷാപ്പിൽ വച്ച് കള്ള് കുടിച്ചുകൊണ്ടിരിക്കെ സമീപത്തിരുന്ന  കാണക്കാരി കുറുമുള്ളൂർ കല്ലമ്പാറ സ്വദേശിയായ യുവാവുമായി വാക്ക്തർക്കം ഉണ്ടാവുകയും, തുടർന്ന് ഇവർ യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും അവിടെ ഉണ്ടായിരുന്ന പട്ടിക ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു. 

തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ സൈജു കെ,സി.പി.ഓ മാരായ രതീഷ്‌ ,അജി, സെയ്‌ഫുദ്ദീൻ എന്നിവർ ചേർന്നാണ്  ഇവരെ അറസ്റ്റ് ചെയ്തത്. സുമേഷിന് ഏറ്റുമാനൂർ സ്റ്റേഷനിലും, ജെറിൻ സോയിക്ക് കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Hot Topics

Related Articles