കോട്ടയം: നഗരമധ്യത്തിൽ ആളുകളെ ഓടിച്ചിട്ട് കടിച്ച നായ ചത്തു. മൃഗസംരക്ഷണ വകുപ്പ് അധികൃതരും നഗരസഭ അധികൃതരും ചേർന്ന് പിടികൂടി എബിസി സെന്ററിൽ ആക്കിയ നായയാണ് അൽപം മുൻപ് ചത്തത്. ഇതോടെ നായയ്ക്ക് പേ വിഷബാധയുണ്ടെന്ന സംശയം ബലപ്പെട്ടു. ഈ നായയുടെ മൃതദേഹം തിരുവല്ലയിലെ ലാബിൽ നാളെ രാവിലെ അയച്ച് പരിശോധന നടത്തും. മുൻ നഗരസഭ ചെയർമാൻ പി.ജെ വർഗീസിനെ അടക്കം ഏഴു പേരെ കടിച്ച നായ രണ്ടര മണിക്കൂറാണ് നഗരത്തെ വിറപ്പിച്ച് നിർത്തിയത്. രാവിലെ 11.10 ഓടെ ആരംഭിച്ച നെട്ടോട്ടം ഉച്ചയ്ക്ക് രണ്ടരയോടെയാണ് അവസാനിച്ചത്. നഗരസഭയും മൃഗസംരക്ഷണ വകുപ്പ് അധികൃതരും ചേർന്നാണ് നായയെ പിടികൂടിയത്. ഒടുവിൽ നായയെ എബിസി സെന്ററിലേയ്ക്കു മാറ്റി.
കോട്ടയം നഗരസഭ മുൻ ചെയർമാൻ കളക്ടറേറ്റ് 18 ൽ ചിറയിൽ പി.ജെ വർഗീസ്, കങ്ങഴ പത്തനാട് കണിയാംപറമ്പിൽ സാജൻ കെ.ജേക്കബ് (55), റിട്ട.ജില്ലാ ഫയർ ഓഫിസർ കാണക്കാരി വെള്ളാപ്പള്ളി വർഗീസ് (67), കുമാരനല്ലൂർ താഴത്തുവലയിൽ ഷാനവാസ് (40), പനച്ചിക്കാട് കാഞ്ഞിരത്തുമ്മൂട് തെക്കേപ്പറമ്പിൽ സിബി ജോസ് (47), തെള്ളകം മിതാലിയ ടി.പി രാമചന്ദ്രൻ നായർ (72), കായംകുളം ഏരുവ ഉണ്ണിയേഴത്ത് നിധിൻ ബാബു (36) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. എല്ലാവരും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ പതിനൊന്നു മണിയോടെ കെ.എസ്.ആർ.ടി.സി ഭാഗത്ത് വായിൽ നിന്നും നുരയും പതയും വന്ന രീതിയിലാണ് നായയെ കണ്ടത്. തുടർന്ന് അക്രമാസക്തനായ നായ നഗരത്തിലെ ഓടി നടന്ന് ആളുകളെ കടിയ്ക്കുകയായിരുന്നു. ആദ്യം കെ.എസ്.ആർ.ടി.സി ഭാഗത്തു നിന്നും എത്തിയ നായ അനുപമ തീയറ്റർ ഭാഗത്തേയ്ക്ക് ഓടുകയും, ഇവിടെ നിന്ന രണ്ടു പേരെ കടിയ്ക്കുകയും ചെയ്തു. ഇവിടെ നിന്ന് നേരെ കോട്ടയം മാർക്കറ്റിനുള്ളിലേയ്ക്ക് ഓടിക്കയറിയ നായ ഇവിടെയുണ്ടായിരുന്ന ആളുകളെ കടിച്ചു.
ഇതിന് ശേഷം പുറത്തിറങ്ങിയ നായ നേരെ വീണ്ടും കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഭാഗത്തേയ്ക്ക് എത്തി. ഇതോടെ ആളുകൾ സംഘടിച്ച് നായയെ തുരത്തിയോടിച്ചു. ഇവിടെ നിന്നും ഓടിയ നായ പച്ചക്കറി മാർക്കറ്റിന് എതിർ വശത്തെ കാട്ടിൽ കയറി. ഈ സമയം നഗരസഭ അധികൃതരും, നാട്ടുകാരും, എ.ബി.സി സെന്റർ ജീവനക്കാരും മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരും ചേർന്ന് നായയെ പിടികൂടി. തുടർന്ന് നായയെ കോടിമത എബിസി സെന്ററിലേയ്ക്കു മാറ്റി. നായയെ എബിസി സെന്ററിൽ എത്തിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേയ്ക്കും ഇത് ചത്തു.