ജില്ലാ ആശുപത്രിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം 20 ജീവനക്കാർക്ക് കൊവിഡ്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനത്തെ പോലും താളം തെറ്റിക്കുന്ന രീതിയിലാണ് കൊവിഡ് രോഗികളുടെ എണ്ണം ആശുപത്രിയിൽ വർദ്ധിച്ചിരിക്കുന്നത്. മൂന്നു ദിവസം കൊണ്ടാണ് ആശുപത്രിയിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത്. ഇതേ തുടർന്നു ജീവനക്കാരിൽ പലരുടെയും കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ കൂടുതൽ പേരുടെ ഫലം പുറത്തു വരാനുണ്ട്. ഇതോടെ അറിയാം ആശുപത്രിയിൽ എത്രപേർക്കാണ് രോഗം ബാധിച്ചിരിക്കുന്നതെന്നാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരാഴ്ച മുൻപാണ് ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു തുടങ്ങിയത്. ഇതേ തുടർന്നു ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ കൂടുതൽ ജീവനക്കാർക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിൽ പലർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്നു അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം പോലും താളം തെറ്റുന്ന സ്ഥിതിയുണ്ടായി.
ജില്ലാ ആശുപത്രിയിൽ കൊവിഡ് ഒമൈക്രോൺ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവിടെ വേണ്ട മുൻകരുതൽ എടുക്കാൻ വേണ്ട നിർദേശം നൽകിയതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ എല്ലാവരും രോഗികളെ പരിചരിക്കുമ്പോൾ മാസ്കും, സുരക്ഷാ ഉപകരണങ്ങളും ധരിക്കുകയും, കൃത്യമായ ഇടവേളകളിൽ സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണമെന്ന നിർദേശമാണ് പുറത്തു വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നത് സാധാരണക്കാർക്കിടയിലും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.