കൊച്ചിയിലെ മോഡലുകളുടെ മരണം; ഹാർഡ് ഡിസ്ക് കാണാതായതിൽ ദുരൂഹത; കായലിലെ തിരച്ചിൽ അവസാനിപ്പിച്ചു

കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കായലിൽ ഉപേക്ഷിച്ചെന്ന് കരുതുന്ന ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല. ഹോട്ടലിലെ ഡി.ജെ.പാർട്ടിയുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങളടങ്ങിയ ഹാർ‌ഡ് ഡിസ്കാണിത്. ഹാർഡ് ഡിസ്‌ക് കായലിലെറി‌ഞ്ഞെന്ന ഹോട്ടൽ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം തെരച്ചിൽ നടത്തിയത്. അ‌ഞ്ചു മണിക്കൂറോളമാണ് സ്കൂബ ഡൈവിംഗ് സംഘം തെരച്ചിൽ നടത്തിയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലും കണ്ടെത്താൻ കഴിയാതായതോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡിവി ആറുകളിൽ ഒന്ന് റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു. ഡി.വി.ആര്‍ യഥാര്‍ഥത്തില്‍ പുഴയിലെറിയുകയായിരുന്നോ അതോ മറ്റേതെങ്കിലും കേന്ദ്രത്തില്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്. അതിനായി ഹോട്ടല്‍ ഉടമ റോയിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളില്‍ കൂടി പൊലീസ് പരിശോധന നടത്തും. അതോടൊപ്പം ഹോട്ടലിലെ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരേയും വിളിച്ചുവരുത്തും. 30 പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.

Hot Topics

Related Articles