കോട്ടയം : ആർഭാടവും ആഘോഷവുമില്ല. കഠിനാധ്വാനത്തിലൂടെ തന്നെ തേടിയെത്തിയ പദവിയുടെ പകിട്ടുമില്ല. പുതിയ ജീവിതം വളരെ ലളിതമായി ആരംഭിക്കാനൊരുങ്ങുകയാണ് മലയാളി ഐആർഎസ് ഓഫീസറായ കോട്ടയം കൂരോപ്പട സ്വദേശിനി ആര്യ ആർ നായരും സിവിൽ സര്വീസ് ഉദ്യോഗസ്ഥനായ ശിവവും. ഇരുവരുടേയും വിവാഹിതരാകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .
ഒരു വിവാഹത്തിനെന്ത് പ്രത്യേകത എന്ന് നെറ്റി ചുളിക്കുന്നവർക്ക് മുൻപിലാണ് ഇരുവരുടേയും നന്മയുടെ കരുതലിന്റെ കഥ വ്യത്യസ്തമാകുന്നത്. ഈ മാസം 27ന് ആർഭാടങ്ങൾ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരുടേയും വിവാഹം. വളരെ ലളിതമായ വിവാഹമാണ് ഇരുവരും ആഗ്രഹിക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. വിവാഹത്തിന് ശേഷവും വലിയ ആഘോഷങ്ങൾ വേണ്ട എന്ന് തന്നെയാണ് ഇരുവരുടേയും തീരുമാനം. പുതിയ ജീവിതം തുടങ്ങുന്ന സന്തോഷം ആഘോഷിക്കാൻ ഇവർ തിരഞ്ഞെടുത്തതാകട്ടെ വളരെ അർഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ ഒരു നേരത്തെ ഭക്ഷണം എന്നിവ നൽകി മാതൃകയാവുക എന്നത് തന്നെ. ഇതിനെ സംബന്ധിച്ച് ആര്യ ആര് നായര് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആര്യയുടെ ഫെയ്സ് ബുക്ക് കുറിപ്പ്
ജീവിതത്തിലെടുത്ത തീരുമാനങ്ങളിൽ വളരെ മികച്ചത് എന്നെനിക്ക് തോന്നിയ ഒന്ന് നിങ്ങളെല്ലാവരുമായ് പങ്കുവെയ്ക്കട്ടെ . എന്നെ അടുത്തറിയുന്നവർക്ക് തീർച്ചയായും ഇതിൽ പുതുമ തോന്നില്ല, കാരണം കോളേജ് കാലം മുതൽ പറഞ്ഞ് പറഞ്ഞ് ഉറപ്പിച്ചതാണിത്. ഈ വരുന്ന വെള്ളിയാഴ്ച (27.01.2023) കല്യാണം കഴിയ്ക്കാണ്. ആർഭാടങ്ങൾ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരാകാൻ ആണ് എന്റെയും ശിവത്തിന്റെയും തീരുമാനം. പുതിയ ജീവിതം തുടങ്ങുന്ന സന്തോഷം ആഘോഷിക്കാൻ ഞങ്ങൾ വളരെ അർഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു. ഈ പുതിയ യാത്രയിൽ എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പം ഉണ്ടാവണേ.
അധികാരവും പദവിയും പണവും ലഭിക്കുമ്പോൾ ആർഭാട ജീവിതം തിരഞ്ഞെടുക്കുന്നവർക്ക് മുന്നിൽ വ്യത്യസ്ത രാവുകയാണ് ഈ നവ ദമ്പതികൾ. 2019ലെ സിവിൽ സർവീസ് പരീക്ഷയിൽ ഇന്റർവ്യൂവിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് ആര്യ ആർ നായർക്കായിരുന്നു, 275ൽ 206 മാർക്ക്. എഴുത്തുപരീക്ഷയിലെ മാർക്ക് കൂടി ചേർക്കുമ്പോൾ 301ാം റാങ്കാണ് ആര്യക്ക് ലഭിച്ചത്.
ആര്യ ഇപ്പോൾ നാഗ്പൂരിൽ ടെയിനിംഗിലാണ്. റാങ്ക് നേടി ജില്ലയ്ക്ക് അഭിമാനമായി മാറിയ ആര്യ ഇപ്പോൾ വിവാഹത്തിലൂടെയും നാടിന്റെ അഭിമാനമുയർത്തുകയാണ്. റിട്ട.ജോയിന്റ് ലേബർ കമ്മീഷണറായ കോട്ടയം കൂരോപ്പട അരവിന്ദത്തിൽ ജി രാധാകൃഷണൻ നായരുടെയും റിട്ട. അധ്യാപിക സുജാതയുടെയും മകളാണ് ആര്യ. മധ്യപ്രദേശിൽ ഇന്റിലിജൻസ് ബ്യൂറോയിലെ ജോലിക്കിടെയായിരുന്നു സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചത്. കാനറാ ബാങ്ക് ഓഫീസറായ അരവിന്ദ് സഹോദരനാണ്.