കുമരകം: ഒരു നാടിന്റെ നൊമ്പരമായി മാറിയിരിക്കുകയാണ് ആ രണ്ടു കുരുന്നുമക്കൾ. അച്ഛന്റെയും അമ്മയുടെയും ഒപ്പം സന്തോഷത്തോടെ കടന്നു വന്ന കുരുന്നുകൾ ഇന്ന് അനാഥരാണ്. അമ്മവീട്ടിൽ പോയ ശേഷം തിരികെ സ്വന്തം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ഒന്നര വയസുകാരി ആൽഫിയയും, മൂന്നര വയസുകാരൻ ആൽഫിനും. പക്ഷേ, ഇവരെ അനാഥരാക്കി മരണത്തിന്റെ തണുപ്പിലേയ്ക്ക് ആ അച്ഛനും അമ്മയും മടങ്ങി.
കുമരകം ചീപ്പുങ്കലിൽ ബൈക്കിൽ കാറിടിച്ച് മരിച്ച വൈക്കം കുടവച്ചൂർ കിടങ്ങനശേരിയിൽ ഹൗസിൽ ജസിൻ (35) സുമി (33) എന്നിവരുടെ മക്കളാണ് ആൽഫിനും, ആൽഫിയയും. അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട ആൽഫിയ മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ട്. കാലിന് ഒടിവുള്ള ആൽഫിനും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച അതീവ ഗുരുതരമമായ അത്യാഹിതം തിരിച്ചറിയാൻ പക്ഷേ ഇരുവർക്കും ഇനിയും കഴിഞ്ഞിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഭാഗത്തു നിന്നും എത്തിയ കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു. വണ്ടിയോടിച്ചിരുന്ന മണർകാട് മങ്ങാട്ടുമഠം പുരുഷോത്തമൻ നായരെ (70)ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും കുടവച്ചൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ബൈക്ക്. സുമിയുടെ വീട്ടിൽ പോയ ശേഷം ദമ്പതിമാർ സ്വന്തം വീട്ടിലേയ്ക്കു മടങ്ങിപ്പോകുകയായിരുന്നു. ഇവർക്കൊപ്പം ബൈക്കിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പൊലീസിനു മൊഴി നൽകി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇതുവഴി എത്തിയ വാഹനത്തിലാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.