കോട്ടയം: എം.സി റോഡിൽ കുറവിലങ്ങാട് കോഴയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് കാർ നിശേഷം തകർന്നു. കാറിനുള്ളിലുണ്ടായിരുന്ന ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. നിസാര പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേയ്ക്കു മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30 നായിരുന്നു അപകടം. മോനിപ്പള്ളി ഭാഗത്തു നിന്നും വരികയായിരുന്ന ടിപ്പർ ലോറി എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. കാറിന്റെ എയർ ബാഗുകൾ രണ്ടും പൊട്ടി പുറത്തു വരികയും ചെയ്തിട്ടുണ്ട്. അപകടത്തെ തുടർന്നു കാർ പൂർണമായും തകർന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേയ്ക്കു മാറ്റിയത്.
അപകടത്തെ തുടർന്നു കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്ന് ഡീസൽ റോഡിൽ പടർന്നൊഴുകി. അപകട വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ഹൈവേ പൊലീസ് സംഘം അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്ന് റോഡ് കഴുകി വൃത്തിയാക്കി വാഹനങ്ങൾ മാറ്റിയാണ് ഗതാഗത തടസം ഒഴിവാക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.