മെഡിക്കൽ കോളേജിൽ താല്കാലിക ജീവനക്കാരുടെ ശമ്പളം നൽകുന്നതിലും കടുത്ത വിവേചനം; നിയമനവും അഴിമതിയിൽ മുങ്ങിക്കുളിച്ച്; പിന്നിൽ എച്ച് ഡി എസ് മാനേജർ എന്ന ആരോപണം ശക്തം 

ഗാന്ധിനഗർ: മെഡിക്കൽ കോളേജിൽ താല്കാലിക ജീവനക്കാരുടെ ശമ്പളം നല്കുന്നതിലും കടുത്ത വിവേചനം. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിയമനവും നടക്കുന്നു. പിന്നിൽ എച്ച് ഡി എസ് മാനേജർ എന്ന് ആരോപണമാണ് ശക്തമാകുന്നത്.  ആശുപത്രി വികസന സമിതി ജീവനക്കാരുടെ ശമ്പളം ഈയിടെ വർധിപ്പിച്ചിരുന്നു. പുതിയതായി നിയമിക്കപ്പെട്ട ജീവനക്കാർക്ക് മുൻപു ജോലിയിൽ നിയമിക്കപ്പെട്ട ജീവനക്കാരെക്കാൾ ഉയർന്ന നിരക്കിൽ ശമ്പളം നല്കുന്നു എന്നതാണ് പരാതിക്കിടയാക്കുന്നത്.  

Advertisements

എച്ച് ഡി എസ് മാനേജരുടെ സുഹൃത്തുക്കളുടെ ഭാര്യമാർക്കും ഇഷ്ടക്കാരായ ജീവനക്കാർക്കും ശമ്പളം കൂട്ടിയും നൂറ്റിഎഴുപതിയൊൻപതു ദിവസക്കാരെ ഒരു വർഷ കരാർ ജീവനക്കാരായി എടുക്കുവാനുമുള്ള തീവ്ര ശ്രമമാണ് ഇദ്ദേഹം വ്യക്തിപരമായി എടുക്കുന്നത്. ഇക്കാര്യത്തിൽ അധികൃതരെ തെറ്റുധരിപ്പിക്കുവാനും ഇദ്ദേഹത്തിന് സാധിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എം ഒ ടി ഫാർമസിയിൽ നടന്ന വ്യാപക തട്ടിപ്പ് അന്നത്തെ ഡെപ്യൂട്ടി സൂപ്രണ്ടിനോട് റിപ്പോർട്ട്‌ ചെയ്ത ജീവനക്കാരിക്ക് അടക്കം വൈരാഗ്യ ബുദ്ധിയോടെ ശമ്പളം വെട്ടി കുറച്ചതായി പരാതിയുണ്ട്. തട്ടിപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിൻ്റെ വൈരാഗ്യ ബുദ്ധിയാണ് ഇവരുടെ ശമ്പളം വെട്ടിക്കുറച്ചതെന്നാണ് പറയപ്പെടുന്നത്. സൂപ്രണ്ട് ഓഫീസിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ആരോഗ്യ ഇൻഷുറൻസ് ജീവനക്കാരിക്കും ശമ്പളം വെട്ടി കുറച്ചതായി പരാതിയുണ്ട്. 

ഉള്ള ജോലി കൂടി നഷ്ടപ്പെടും എന്നു കരുതി ഇവർ  പരാതി നൽകുവാൻ പോലും ഭയപ്പെടുകയാണ്. മെഡിക്കൽ കോളേജിൽ ആശുപത്രി വികസന സമിതിയിൽ  മുൻപും അനധികൃത നിയമനത്തിന് ശ്രമം നടന്നിരുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ആരോഗ്യ സുരക്ഷ പദ്ധതി അധികൃതരുടെ കർശന നിർദ്ദേശത്തെ തുടർന്നു ഇതിനു കടിഞ്ഞാൺവീഴുകയും ചെയ്തിരുന്നു. 

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയമിതരായ കാസ്പ് പദ്ധതിയിൽ പെട്ട ജീവനക്കാരുടെ ശമ്പളം കാസ്പ് നിർദ്ദേശങ്ങൾ പാലിക്കാതെ വന്നതോടെ  ജീവനക്കാരുടെ എണ്ണം വെട്ടി കുറക്കുവാൻ ആശുപത്രി അധികൃതർ നിർബന്ധിതരായി തീരുകയും ചെയ്തിരുന്നു. അമിത ഫണ്ട്‌ വിനിയോഗം കുറയ്ക്കുവാനും രോഗികൾക്ക് ഇൻഷുറൻസ് ലഭ്യമാക്കാനും ആരോഗ്യ പദ്ധതി അധികൃതർ കർശന നിർദ്ദേശം നൽകിയിരുന്നു. 

ആശുപത്രി ജോലി തടസപ്പെടും എന്ന ന്യായം പറഞ്ഞ് ഭരണം അവസാനിക്കാൻ ഒന്നര വർഷം കൂടി അവശേഷിക്കുന്നതും കണക്കാക്കി ഭരണ കക്ഷി അനുകൂലികളെ വികസന സമ്മിതിയുടെ കീഴിയിൽ ജോലിയിൽ കുത്തി നിറയ്ക്കാനാണ് ഈ അവസരം ഉപയോഗിച്ചത്. തന്റെ ഇഷ്ടക്കാരായവരെ കൂടി ഈ ലിസ്റ്റിൽ കുത്തിക്കയറ്റുവാൻ എച്ച് ഡി എസ് അധികൃതർ വഴി ശ്രമം തുടങ്ങിയത് എച്ച് ഡി എസ് ജീവനക്കാരുടെ പ്രതിഷേധത്തിനു കാരണമായി. 

പത്തു വർഷമെങ്കിലും  വികസന സമിതിയുടെ കീഴിയിൽ തൊഴിൽ എടുത്ത ജീവനക്കാരെ സ്ഥിര നിയമനത്തിന് പരിഗണിക്കുന്നതിനു പകരം ഒന്നും രണ്ടും വർഷം വരെ കാസ്പ് പദ്ധതിയിലും ജില്ലാ മിഷൻ്റെ കീഴിയിൽ ജോലി എടുത്ത അറുപതോളം ജീവനക്കാരെ സ്ഥിര നിയമനത്തിനായി പരിഗണിക്കുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. 

പ്രതിപക്ഷത്തെ വിവിധ സംഘടനകളുടെ പ്രക്ഷോഭ പരിപാടികൾ ആശുപത്രി പരിസരത്ത് നടന്നുകൊണ്ടിരിക്കുന്ന സമയത്തു തന്നെയാണ്  ഇത്തരത്തിലുള്ള അനധികൃത നിയമനത്തിന് നീക്കം നടന്നുകൊണ്ടിരിക്കുന്നത്. ജില്ലാ മിഷനിൽ നിന്നും ആശുപത്രിയിൽ നിയമിതരായ പല യുവാക്കളും ക്രിമിനൽ പശ്ചാത്തലവും പോലീസ് കേസും ഉള്ള ജീവനക്കാരാണെന്ന് പറയപ്പെടുന്നു.

ജോലി ലഭിക്കുന്നതിനായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്നുള്ള ഓർഡർ നിലനിൽക്കുമ്പോഴാണ് ഇത്തരം പ്രവർത്തനങ്ങൾ അരങ്ങേറുന്നത്. പ്രതിപക്ഷ സംഘടന പ്രവർത്തകരെ നിഷ്ക്രീയമാക്കുവാനും അഴിമതികൾ സുഗമമായി നടത്തുവാനും ഉള്ള ഗൂഡ പദ്ധതിക ആശുപത്രി അധികൃതരുടെ നേതൃത്വത്തിൽ നടത്തിവരികയാണെന്ന് പ്രതിപക്ഷ സർവ്വീസ് സംഘടനാ നേതാക്കളും ആരോപിക്കുന്നു. 

പതിനാറു കോടിയോളം കടബാധ്യതയുള്ള വികസന സമിതിയെ തുരങ്കം വെയ്ക്കാനുള്ള പരിപാടികൾ ആണ് ലക്ഷ്യം വെയ്ക്കുന്നത്. പ്രതിപക്ഷ സംഘടനകളുടെ പ്രതിക്ഷേധത്തെ തുടർന്നു നിയമന നടപടികളിൽ മുന്നോട്ട് പോകില്ല എന്നു അധികൃതർ വാക്കാൽ പറഞ്ഞെങ്കിലും നിയമന നടപടികൾ തകൃതിയായി നടക്കുന്നു എന്നാണ് അറിയുന്നത്. ജില്ലാ മിഷൻ താത്കാലിക ജീവനക്കാരെ എച്ച് ഡി എസ് ഓഫീസിലടക്കം നിയമിച്ചു കൊണ്ടാണ് അധികൃതർ ഇത്തരം അഴിമതികൾ നടത്തുന്നത്.

Hot Topics

Related Articles