മഴക്കാലപൂർവ ശുചീകരണപ്രവർത്തനംമേയ് 20നകം പൂർത്തീകരിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നിർദ്ദേശം

കോട്ടയം : മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ മേയ് 20നകം പൂർത്തീകരിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നിർദ്ദേശം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്താനായി ഓൺലൈനായി ചേർന്ന ജില്ലാതല യോഗത്തിലാണ് നിർദ്ദേശം നൽകിയത്. മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് പൂർണ ഉത്തരവാദിത്തം. ഹോട്‌സ്‌പോട്ടുകളിൽ ബോധവത്കരണവും മുൻകരുതൽ നടപടികളും സ്വീകരിക്കണം.മുഴുവൻ വീടുകൾ/സ്ഥാപനങ്ങളിൽ നിന്നും 100 ശതമാനം മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണം നടത്താനും പൊതുഇടങ്ങൾ മാലിന്യമുക്തമാക്കാനും വെള്ളക്കെട്ടുകൾ ഒഴിവാക്കാനും ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങൾ നീക്കാനുമുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണം. ഇതിനായി വാർഡുതല ശുചിത്വസമിതികളുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തണം. വീടുകൾ, സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ ഡ്രൈഡേ ആചരിക്കണം. ഉറവിട മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, ഓടകൾ വൃത്തിയാക്കൽ എന്നിവയും പൂർത്തീകരിക്കണം. കുടുംബശ്രീ ഭാരവാഹികൾ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന, റെസിഡൻസ് വെൽഫെയർ അസോസിയേഷനുകൾ, എൻ.ജി.ഒ കൾ, എൻ.എസ്.എസ്, എൻ.സി.സി, ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, എസ്.പി.സി, യുവജനസംഘടനകൾ, യൂത്ത് ക്ലബുകൾ, വ്യാപാരി വ്യവസായികൾ, സന്നദ്ധ- സാംസ്‌കാരിക സംഘടനകൾ, പഞ്ചായത്ത്/നഗരസഭകളിൽ നിന്ന് രജിസ്റ്റർ ചെയ്തിട്ടുള്ള സന്നദ്ധ സേനകൾ തുടങ്ങിയ വിവിധ വിഭാഗം ജനങ്ങളുടേയും സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പങ്കാളിത്തം ശുചീകരണത്തിനും മാലിന്യമുക്ത പ്രദേശങ്ങൾ സൃഷ്ടിക്കുന്നതിനും പ്രയോജനപ്പെടുത്തണം.മാലിന്യക്കൂനകൾ, വെള്ളക്കെട്ട് സ്ഥലങ്ങൾ തുടങ്ങിയ പൊതുജനാരോഗ്യ പ്രശ്‌നമുള്ള സ്ഥലങ്ങളുടെ പട്ടിക തയാറാക്കണം. മാലിന്യ സംസ്‌കരണരീതി പിന്തുടരാത്ത സ്ഥാപനങ്ങൾ, വീടുകൾക്കെതിരേ പൊതുജനാരോഗ്യനിയമ പ്രകാരം നിയമനടപടി സ്വീകരിക്കണം.അജൈവമാലിന്യ ശേഖരണത്തിനായി ഹരിതകർമ്മസേന സന്ദർശിക്കുമ്പോൾ ജൈവമാലിന്യം വീടുകളിലും സ്ഥാപനങ്ങളിലും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് മനസിലാക്കണം. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളോടൊപ്പം ജൈവ-അജൈവമാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ബോധവൽക്കരണം നൽകണം. ഇക്കാര്യം കൃത്യമായി കുടുംബശ്രീ നിരീക്ഷിക്കണം. ആവശ്യമെങ്കിൽ അതിനുള്ള പരിശീലനം ഹരിതകർമ്മസേനയ്ക്ക് നൽകണം.മാലിന്യ സംസ്‌കരണം നടക്കാത്ത വീടുകൾ, സ്ഥാപനങ്ങളുടെ വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ ഫീൽഡ് തല ഉദ്യോഗസ്ഥർ കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് കൈമാറണം. ശുചിത്വ – മാലിന്യസംസ്‌ക്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി രണ്ടു ദിവസത്തിലൊരിക്കൽ വിലയിരുത്തണം. തെറ്റായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരേ തദ്ദേശസ്വയംഭരണതല വിജിലൻസ് സ്‌ക്വാഡിന്റെ നേതൃത്വത്തിലും നിലവിലുള്ള ഉത്തരവുകളും ചട്ടങ്ങളും പ്രകാരവും നിയമനടപടി സ്വീകരിക്കണം. ജില്ലാ എൻഫോഴ്സ്‌മെന്റ്‌റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പ്രീ മൺസൂൺ പരിശോധന നടത്തണം.മിനി എം.സി.എഫിൽ നിന്ന് എം.സി.എഫിലേക്ക് പാഴ്‌വസ്തുക്കൾ നീക്കാനുള്ള ട്രാൻസ്‌പോർട്ടേഷൻ പ്ലാനും ലിഫ്റ്റിങ് പ്ലാനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തയാറാക്കണം. മേയ് 15നകം മിനി എം.സി.എഫിൽനിന്ന് മാലിന്യം പൂർണമായി നീക്കണം.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.