പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ അവഗണിച്ചു : ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പെരുവ, വടുകുന്നപ്പുഴ, കാരിക്കോട് എന്നിവിടങ്ങളിൽ ആറ് ആക്രി കടകൾക്കെതിരെ ആരോഗ്യവിഭാഗം നോട്ടീസ് നൽകി

പെരുവ : പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് പെരുവ, വടുകുന്നപ്പുഴ, കാരിക്കോട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവന്ന ആറ് ആക്രി കടകൾക്കെതിരെ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. ഡങ്കിപ്പനി ഉൾപ്പെടെയുള്ള മഴക്കാലരോഗങ്ങളുടെ പ്രതിരോധം ലക്ഷ്യമാക്കിയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് വൻതോതിൽ കൊതുകു വളർച്ചക്ക് ഇടയാക്കുന്ന തരത്തിൽ പൊതുജനാരോഗ്യ മാനദണ്ഡങ്ങൾക്ക് വെല്ലുവിളിയായുള്ള ആക്രികടകളുടെ പ്രവർത്തനം ബോധ്യമായത്.ഒഴിവുള്ള സ്ഥലങ്ങൾ കുറഞ്ഞ വാടകയ്ക്കെടുത്ത് ആക്രി സാധനങ്ങൾ വൻതോതിൽ ശേഖരിച്ചുകൂട്ടി ഏതെങ്കിലും സമയത്ത് ലോഡ് കയറ്റിയയക്കുന്ന രീതിയാണ് ഈ സ്ഥാപനങ്ങൾക്കുള്ളത്. മേൽക്കൂരയില്ലാത്ത തുറസ്സായ സ്ഥലത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന നൂറുകണക്കിന് ടയർ അടക്കമുള്ള ആക്രി സാധനങ്ങളിൽ മഴയെത്തുന്നതോടെ വെള്ളം കെട്ടിനിന്നു കൊതുകുജന്യ രോഗങ്ങളുടെ ഗുരുതര വ്യാപനഭീഷണിയാണ് പ്രദേശത്തുയർത്തുന്നത്.നോട്ടീസ് കാലാവധിക്കുള്ളിൽ നിർദ്ദേശിച്ച സുരക്ഷിതത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സ്ഥല ഉടമകൾക്ക് പിഴ ചുമത്തി, സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള കർശന തുടർ നടപടികളിലേക്ക് നീങ്ങുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. വാസുദേവൻനായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന മഴക്കാല രോഗപ്രതിരോധ കർമ്മസമിതി യോഗത്തിൽ മാലിന്യനിക്ഷേപം, കൊതുകുവളർച്ചയ്ക്കുള്ള സാഹചര്യം സൃഷ്ടിക്കൽ എന്നിവ നിയന്ത്രിക്കാൻ, ബോധവൽക്കരണ പ്രവർത്തനങ്ങൾക്കുശേഷവും നിയമലംഘനം തുടരുന്നവർക്കെതിരെ കർശന ശിക്ഷണ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ഉയർന്നിരുന്നു.പെരുവ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. സജിയുടെ നേതൃത്ത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്. ഉണ്ണികൃഷ്ണൻ, സജിത തമ്പി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.മഴക്കാലരോഗ നിയന്ത്രണം, മാലിന്യനിർമ്മാർജ്ജനം എന്നിവ ലക്ഷ്യമാക്കി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് നൽകുന്ന നിർദ്ദേശങ്ങളോട് ജനങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. മീനു ഇന്ദുചൂഡൻ അഭ്യർത്ഥിച്ചു.

Advertisements

Hot Topics

Related Articles