ശക്തമായ കാറ്റിലും മഴയിലും തലയാഴം വിയറ്റ്നാമിൽ കൊല്ലേരിത്തറ വീടിനു മീതേയ്ക്ക് പ്ലാവ് കടപുഴകി വീണു

തലയാഴം : ശക്തമായ കാറ്റിലും മഴയിലും വീടിനു മീതേയ്ക്ക് പ്ലാവ് കടപുഴകി വീണ് വീട് പൂർണമായി തകർന്നതിനെ തുടർന്ന് നിർധന കുടുംബത്തിന് തല ചായ്ക്കാനിടമില്ലാതായി. തലയാഴം വിയറ്റ്നാമിൽ കൊല്ലേരിത്തറ സദാനന്ദൻ്റെ വീടിനു മുകളിലേക്കാണ് ബുധനാഴ്ച വൈകുന്നേരം ഏഴോടെ മരം കടപുഴകി വീണു വീടിനു നാശം സംഭവിച്ചത്. വീടിനു സമീപത്തുണ്ടായിരുന്ന കിണറിൽ മരം തട്ടി കിണറും തകർന്നു. അപകടസമയത്ത് സദാനന്ദനും ഭാര്യ സോമിനിയും പതിനൊന്നും ആറും വയസുള്ള കൊച്ചുമക്കളും മാത്രമാണ് വീടിനുള്ളിൽ ഉണ്ടായിരുന്നത്.മരം മറിയുന്ന ശബ്ദം കേട്ട് ഇവർ വീടിന് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.മരം വീണ് വീടു പൂർണമായി തകർന്നതോടെ വീട് താമസയോഗ്യമല്ലാതായി. വൻ തുക മുടക്കി വീടു പുനർനിർമ്മിക്കാൻ തുച്ഛ വരുമാനമുള്ള സദാനന്ദൻ്റെ കുടുംബത്തിനു ശേഷിയില്ല. വീട് പുനർനിർമ്മിക്കാൻ സർക്കാർ ധനസഹായം നൽകണെമെന്നാണ് നിർധന കുടുംബത്തിന്റെ ആവശ്യം.

Advertisements

Hot Topics

Related Articles