കോട്ടയം പാമ്പാടി വെള്ളൂരിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് കുമളിയിൽ നിന്നും കോട്ടയത്തിന് പോരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്

കോട്ടയം: പാമ്പാടി വെള്ളൂരിൽ കെ.എസ്.ആർ.സി ബസിടിച്ച് ലോട്ടറി വിൽപ്പനക്കാരനായ കാൽനടയാത്രക്കാരന് ദാരുണാന്ത്യം. പാമ്പാടി എട്ടാം മൈൽ പറുതലമറ്റം സ്വദേശിയായ കണ്ണാലിക്കൽ (കടുപ്പിൽ) ടി.വി വർഗീസ് (കുഞ്ഞ് -50) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് എട്ടരയോടെ കെ.കെ. റോഡിൽ പാമ്പാടി എട്ടാമൈലിലായിരുന്നു സംഭവം. കുമളിയിൽ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. എട്ടാം മൈൽ ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായ കെ.എസ്.ആർ.ടി.സി ബസ് കാൽനടയാത്രക്കാരനായ വർഗീസിനെ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ഓടിക്കൂടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈ ഭാഗത്ത് സ്വകാര്യ വ്യക്തി റോഡ് കയ്യേറിയിട്ടുണ്ടെന്നും ഇത് മൂലം കാൽനടയാത്രക്കാർ റോഡിലേയ്ക്ക് ഇറങ്ങി നടക്കേണ്ടി വരാറുണ്ടെന്നും ഇതാണ് അപകട കാരണമെന്നും നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്തു. മരിച്ച വർഗീസിന്റെ ഭാര്യ: ഏലിയാമ്മ വർഗീസ് (കരിപ്പൂത്തട്ട് ചാലാശേരി കുടുംബാംഗം). മകൾ ജിൻസി മറിയം.

Advertisements

Hot Topics

Related Articles