കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ പുതുപ്പള്ളി തലപ്പാടി കാമ്പസിൽ പ്രവർത്തിക്കുന്ന Inter University Centre for Biomedical Research and Super Speciality Hospital (IUCBR & SSH) -ൽ സ്ഥാപിക്കുന്ന പുതിയ സ്‌മോൾ ആനിമൽ ഹൗസ് ഉദ്ഘാടനത്തിന് ഒരുങ്ങി. ഈ മാസം 26-ന് തലപ്പാടിയിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, സ്‌മോൾ ആനിമൽ ഹൗസിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ കോട്ടയത്ത് വാർത്താസമ്മേളത്തിൽ അറിയിച്ചു.
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന് ശേഷം കേരളത്തിലെ രണ്ടാമത്തെ വലിയ സ്‌മോൾ ആനിമൽ ഹൗസ് ആയ ഇവിടെ 2000 mice, 2000 rat വരെ സൂക്ഷിക്കാൻ ശേഷിയുള്ളതാണ്. ആധുനിക കൂടുകൾ, Animal Behavioral Research ഉപകരണങ്ങൾ, ബയോമെഡിക്കൽ ഒരുക്കിയിട്ടുണ്ട്. ഗവേഷണത്തിനുള്ള വിപുലമായ സൗകര്യങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. അതോടാപ്പം അമീബിക് മസ്തിഷ്‌കജ്വരത്തിന് കാരണമാകുന്ന രോഗാണുക്കളെ കണ്ടെത്താനുള്ള നവീന ജല പരിശോധനാ സൗകര്യത്തിനും തുടക്കം കുറിക്കാൻ മഹാത്മാഗാന്ധി സർവകലാശാല ഒരുങ്ങുകയാണ്. IUCBR & SSH ന്റെ ഭാഗമായി ആരംഭിക്കുന്ന അമീബിക് റിസർച്ച് ആൻഡ് ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനം സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവനും നിർവഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിൽ ചില സ്ഥലങ്ങളിൽ അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു സംരംഭത്തിനാണ് സർവകലാശാല തുടക്കമിടുന്നത്. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പരിശോധന സൗകര്യം നിലവിൽ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. സംസ്ഥാനത്ത് കൂടുതൽ ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങളും ഗവേഷണ കേന്ദ്രങ്ങളും അടിയന്തിരമായി സ്ഥാപിക്കേണ്ടത് നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് മഹാത്മാഗാന്ധി സർവകലാശാല ദൗത്യവുമായി മുന്നിട്ടിറങ്ങുന്നത്.
പ്രധാനമായും അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനു കാരണമാകുന്ന Naegleria fowleri, Acanthamoeba spp., Balamuthia mandrillaris തുടങ്ങിയ രോഗാണുക്കളെ തിരിച്ചറിയാനാണ് ഈ പരിശോധനാ സൗകര്യം. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, ഐ യു സി ബി ആർ ഡയറക്ടർ ഡോ. രാധാകൃഷ്ണൻ ഇ. കെ, ശാസ്ത്രജ്ഞരായ ഡോ. ഗൗതം ചന്ദ്ര, ഡോ. രാജേഷ് എ. ഷെണോയി എന്നിവരുടെ നേതൃത്വത്തിൽ നിഷാദ് കീത്തേടത്ത്, ആനന്ദ് കൃഷ്ണൻ, സകീന അസ്മി, നീതു പി, അശ്വതി എസ് എന്നീ ഗവേഷകരാണ് പരിശോധനാ പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്.
രോഗകാരിയായ അമീബകളെ വീടുകളിൽ തന്നെ കണ്ടെത്താൻ കഴിയുന്നത് ജലസുരക്ഷ ഉറപ്പാക്കാനും ആരോഗ്യ ഭീഷണി ഇല്ലാതാക്കാനും സഹായിക്കും. ഇതുവഴി ലബോറട്ടറി പരിശോധനകളെയും പൊതുജനാരോഗ്യത്തെയും തമ്മിൽ ബന്ധിപ്പിക്കുകയാണ് ഇതിൽ ചെയ്യുന്നത്. കോവിഡ് മഹാമാരിക്കാലത്ത് 4 ലക്ഷം സാമ്പിളുകൾ വിജയകരമായിപരിശോധന നടത്തി സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച സ്ഥാപനമാണ് IUCBR & SSH. ചുറ്റുപാടുകളിലുള്ള ജലാശയങ്ങളിൽ നിന്ന് അമീബയെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ടെസ്റ്റിംഗ് കിറ്റും IUCBR&SSH വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രോഗവ്യാപന സാധ്യതകൾ നേരത്തെ തിരിച്ചറിയാനും പ്രതിരോധ നടപടികൾ വേഗത്തിൽ സ്വീകരിക്കാനും ഇതിലൂടെ കഴിയുമെന്നതാണ് നേട്ടം.
മഹാത്മാഗാന്ധി സർവകലാശാല തുടക്കമിടുന്ന സംരംഭങ്ങൾ കേരളത്തിലെ ആരോഗ്യ ഗവേഷണ അടിസ്ഥാന സൗകര്യവികസന രംഗത്ത് ഒരു പ്രധാന കാൽവയ്പ് ആകുമെന്നാണ് പ്രതീക്ഷ ചാണ്ടി ഉമ്മൻ എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. സിൻഡിക്കേറ്റ് അംഗം ഡോ . സെനോ ജോസ്, ഡോ.ജയചന്ദ്രൻ കെ സെന്റർ ഡയറക്ടർ ഡോ രാധാകൃഷ്ണൻ ഇ.കെ തുടങ്ങിയവർ വാർത്താസമ്മേളത്തിൽ സന്നിഹിതരായിരുന്നു.