‘തന്റെ അച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചു’; മോശമായി പെരുമാറിയത് മേയറും സംഘവുമെന്ന് കെഎസ്ആർടിസി ഡ്രൈവർ

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായി നടുറോഡിലുണ്ടായ വാക്ക്പോരില്‍ വിശദീകരണവുമായി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദു. മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണെന്നും യദു പറഞ്ഞു. മേയറും എം എല്‍ എ യുമാണെന്ന് അറിയാതെയാണ് താൻ സംസാരിച്ചത്. സർവീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പരാതി കൊടുത്തിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകും. ഇടത് വശത്തുകൂടെ പോയാല്‍ എങ്ങനെ സൈഡ് കൊടുക്കാനാകും?. പ്ലാമൂട് വണ്‍വേയിലൂടെയാണ് കയറിവരുന്നത്. ബസ് പോകാനുള്ള വീതിയെ റോഡിനുള്ളു. അതിന്‍റെ ഇടയില്‍ കൂടി കാറിനെ കടത്തിവിടാനുള്ള സ്ഥലമില്ല. തുടര്‍ന്ന് പാളയം സാഫല്യം കോംപ്ക്ലസിന് സമീപത്ത് വെച്ച്‌ കാര്‍ കുറുകെയിട്ടാണ് ബസ് തടഞ്ഞുനിര്‍ത്തിയത്. ഉടനെ കാറില്‍ നിന്നും ഒരു യുവാവ് ചാടിയിറങ്ങി. തന്‍റെ അച്ഛന്‍റെ വകയാണോ റോഡെന്ന് ചോദിച്ചുകൊണ്ട് ആക്രോശിക്കുകയായിരുന്നുവെന്ന് യദു പറഞ്ഞു.

മോശമായി സംസാരിച്ചപ്പോഴാണ് താനും തിരിച്ചുപറഞ്ഞത്. അപ്പോഴും മേയറാണെന്ന് അറിയില്ലായിരുന്നു. മേയറോടെ ഒന്നും പറഞ്ഞില്ല. കൂടെയുണ്ടായിരുന്നയാളോടാണ് പ്രതികരിച്ചത്. എല്ലാ സിസിടിവി ദൃശ്യങ്ങളും എടുത്ത് പരിശോധിക്കട്ടെ. തന്‍റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെ അല്ലാതെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഏതറ്റം വരെയും പോകുമെന്നും അധികകാലം ജോലി ചെയ്യില്ലെന്നും നിനക്കുള്ള പണി തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യദു ആരോപിച്ചു.
അതേസമയം, കെഎസആര്‍ടിസി ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ രംഗത്തെത്തി. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കം. മോശം പെരുമാറ്റം ആണ് ചോദ്യം ചെയ്തത്. മേയര്‍ എന്ന അധികാരം ഒന്നും ഉപയോഗിച്ചില്ല. രാത്രി ഡ്രൈവര്‍ ഫോണില്‍ ക്ഷമ ചോദിച്ചു. നിയമ നടപടി തുടരുമെന്ന് ഡ്രൈവറോട് പറഞ്ഞുവെന്നും മേയര്‍ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ഇന്നലെ രാത്രിയിലായിരുന്നു കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച്‌ തിരുവനന്തപുരത്ത് നടുറോഡില്‍ മേയർ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവും കെഎസ്‌ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക് പോരുണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച്‌ , ബസ്സിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ട ശേഷമായിരുന്നു തര്‍ക്കം. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സ്വകാര്യ വാഹനത്തിലായിരുന്നു മേയറും സംഘവും യാത്ര ചെയ്തിരുന്നത്. അതേ സമയം കാർ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച്‌ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദു പോലീസിന് പരാതി നല്‍കി .ഡ്രൈവറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. ഇതിനിടെ, തർക്കത്തിന്‍റെ ദൃശ്യം പുറത്തു വന്നു. ഡ്രൈവറുടെ പരാതി പരിശോധിച്ച ശേഷമേ കേസെടുക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.

Hot Topics

Related Articles