കോട്ടയം: കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22 മുതൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. 22 ന് ആരംഭിക്കുന്ന സമ്മേളനം 24 ഞായറാഴ്ച സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിൽ വിവിധ പരിപാടികളും അരങ്ങേറും. കലാജാഥ, നോളഡ്ജ് ഫെസ്റ്റ്, സയൻസ് എക്‌സിബിഷനുകൾ, സെമിനാറുകൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി അരങ്ങിൽ എത്തും.
സമ്മേളനത്തിന്റെ ഭാഗമായി സെപ്റ്റംബർ 22 വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് മാമ്മൻ മാപ്പിള ഹാളിൽ സെമിനാർ നടക്കും. വൈദ്യുതി വികസനം – പ്രശ്‌നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കെ.എസ്.ഇ.ബി.ഒ.എ പ്രസിഡന്റ് ഡോ.എം.ജി സുരേഷ്‌കുമാർ യോഗത്തിൽ മോഡറേറ്ററായിരിക്കും.
സെപ്റ്റംബർ 23 ശനിയാഴ്ച രാവിലെ ഒൻപതിന് സമ്മേളനത്തിന്റെ പതാക ഉയർത്തൽ നടക്കും. രാവിലെ 09.30 ന് സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ.എം.ജി സുരേഷ്‌കുമാർ യോഗത്തിൽ അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം ചെയർമാൻ എ.വി റസൽ സ്വാഗതം ആശംസിക്കും. ഉച്ചയ്ക്ക് 12 ന് നടക്കുന്ന വനിതാ സമ്മേളനം ഔട്ട് ലുക്ക് മാസിക സീനിയർ എഡിറ്റർ കെ.കെ ഷാഹിന ഉദ്ഘാടനം ചെയ്യും. വനിതാ സബ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.പി ബീന അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് വനിതാ കമ്മിറ്റി റിപ്പോർട്ട് വനിതാ സബ് കമ്മിറ്റി കൺവീനർ ഇന്ദിര കെയും, വനിതാ രൂപ രേഖ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ സീനയും അവതരിപ്പിക്കും. തുടർന്ന് കലാപരിപാടികൾ നടക്കും.
വൈകട്ട് അഞ്ചിന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്റ് ഡോ.എം.ജി സുരേഷ്‌കുമാർ അധ്യക്ഷത വഹിക്കും.
സെപ്റ്റംബർ 24 ഞായറാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ.എം.ജി സുരേഷ്‌കുമാർ അധ്യക്ഷത വഹിക്കും. രണ്ടിനു യാത്രയയപ്പ് സമ്മേളനവും ഊർജ കേരള അവാർഡ് വിതരണവും നടക്കും. തുടർന്നു പ്രമേയങ്ങളും, പൊതുചർച്ചയും, ചർച്ചയ്ക്കുള്ള മറുപടിയും തിരഞ്ഞെടുപ്പും നടക്കും.