കോട്ടയം : കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി നടത്തുന്ന സമ്മർ ക്യാമ്പ് ‘ലിയോറ 2025’ മെയ് 8 മുതൽ 10 വരെ കോട്ടയം വിമലഗിരി പള്ളിയുടെ ഹാളിൽ നടക്കും.
കേരളത്തിലെ മികച്ച ബാലപ്രതിഭകളെ കണ്ടെത്തുന്നതിനുള്ള കുടുംബശ്രീയുടെ പരിപാടിയാണ് ‘ലിയോറ 2025’ ലിയോറ എന്നാൽ ‘എന്നിലെ വെളിച്ചം’. വിവിധ മേഖലകളിൽ കഴിവ് പ്രദർശിപ്പിക്കുന്ന ബാലപ്രതിഭകൾക്ക് പ്രോത്സാഹനവും അവരിലെ ഏറ്റവും മികച്ചവരെ തിരഞ്ഞെടുക്കുകയും തുടർന്ന് സംസ്ഥാനതലത്തിൽ വിവിധ മേഖലകളിൽ പരിശീലനം നൽകുകയും ചെയ്യും.
കഴിഞ്ഞ രണ്ട് ആഴ്ചകളിലായി കോട്ടയം ജില്ലയിലെ വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തല ക്യാമ്പുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് ജില്ലാതല ലിയോറ സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്നത്. ആകെ 50 കുട്ടികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരിൽ നിന്നും 7 മുതൽ 10 പ്രതിഭകളെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞവർഷം കുടുംബശ്രീ നടപ്പിലാക്കിയ മൈൻഡ് ബ്ലോവേർസ് എന്ന സംരംഭകത്വ മനോഭാവ വികസന പരിപാടിയുടെ തുടർച്ചയായിട്ടാണ് ലിയോറ പദ്ധതിയും ആവിഷ്‌കരിച്ചിരിക്കുന്നത്. കുട്ടികളുടെ നൈപുണ്യങ്ങൾ നൂതന ആശയങ്ങളിലേക്ക് വളർത്തുകയും, അതിലൂടെ സാമൂഹിക പ്രതിബദ്ധതയും നേതൃത്വ പാടവമുള്ള യുവതലമുറയെ ഒരുക്കുകയുമാണ് ലക്ഷ്യം. വിവിധ മേഖലകളിൽ പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സൺമാർ സെഷനുകൾ നയിക്കും. കൂടാതെ പ്രഗത്ഭരുമായുള്ള ചർച്ചകളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.