കോട്ടയം: കുറിച്ചി മന്ദിരം കവലയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒരു കോടി രൂപയിലധികം മോഷ്ടിച്ച കേസിലെ പ്രധാനപ്രതി പൊലീസിന്റെ വാഹനത്തിൽ സ്വന്തം വാഹനം ഇടിപ്പിച്ച ശേഷം രക്ഷപെട്ടു. പത്തനംതിട്ട അടൂർ കലഞ്ഞൂർ പുന്നക്കുടി ഫൈസൽ രാജാ(35)ണ് പൊലീസ് പിടികൂടാൻ എത്തിയപ്പോൾ വാഹനം ഇടിച്ച ശേഷം രക്ഷപെട്ടത്. കുറിച്ചിയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നും 1.25 കോടി രൂപയുടെ സ്വർണവും, എട്ടു ലക്ഷം രൂപയുമാണ് ഫൈസൽ രാജ് കവർന്നത്. ഈ കേസിലെ രണ്ടാം പ്രതിയായ അനീഷിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇപ്പോൾ ഫൈസൽ രാജ് പൊലീസിനെ വെട്ടിച്ച് കടന്നത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കോടതിയിൽ കീഴടങ്ങുന്നതിനു മുന്നോടിയായി അഭിഭാഷകനെ കാണുന്നതിനായി കോട്ടയത്ത് എത്തിയത്. ഇവിടെ എത്തിയപ്പോഴാണ് പൊലീസ് സംഘം ഇയാളെ വളഞ്ഞത്. തുടർന്ന്, ഫൈസൽ രാജ് അഭിഭാഷകന്റെ ഓഫിസ് വളപ്പിൽ നിന്നും രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസ് പിൻതുടർന്നെങ്കിലും ഇയാളെ പിടികൂടാൻ സാധിച്ചില്ല. നിലവിൽ ഇയാൾക്കെതരെ 17 കേസുകളുണ്ട്. ഇതിനിടെ ഫൈസൽ രാജിനെ കണ്ടെത്തുന്നതിനായി ചിങ്ങവനം പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.