കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കെവി തോമസ് എന്താണ് പറയുകയെന്ന് കാതോര്‍ത്ത് രാഷ്ട്രീയ കേരളം. കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും, മുന്‍ കേന്ദ്രമന്ത്രി കെവി തോമസും പങ്കെടുക്കും. സെമിനാറില്‍ പങ്കെടുക്കാനായി ഇന്നലെ രാത്രി തന്നെ കെവി തോമസ് കണ്ണൂരിലെത്തി.
സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ചുവന്ന ഷാള്‍ അണിയിച്ചാണ് കെവി തോമസിനെ സ്വീകരിച്ചത്. കണ്ണൂരില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് നിറമേതായാലും ഷാള്‍ അല്ലേ കെ വി തോമസിന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് വൈകുന്നേരം 5 മണിക്ക് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് സെമിനാര്‍ നടക്കുക. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ചടങ്ങില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കളെ കെപിസിസി വിലക്കിയിരുന്നു. ശശി തരൂരിനെയും ക്ഷണിച്ചിരുന്നെങ്കിലും പാര്‍ട്ടി നിര്‍ദേശം വന്നതോടെ അദ്ദേഹം പിന്മാറുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്കല്ല, ക്ഷണിച്ചത് കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറിലേക്കാണെന്നും താന്‍ പങ്കെടുക്കും എന്ന നിലപാടാണ് കെവി തോമസ് സ്വീകരിച്ചത്. സെമിനാറില്‍ പങ്കെടുത്താല്‍ കെവി തോമസിനെതിരെ കനത്ത നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു.