മണ്ണുമാഫിയക്കെതിരെ നിലപാട് കടുപ്പിച്ച് പത്തനംതിട്ട നഗരസഭ; കെട്ടിട നിർമ്മാണത്തിന്റെ മറവിൽ മണ്ണ് മാന്തുന്ന കൊള്ള സംഘങ്ങൾക്കെതിരെ നഗരസഭയിൽ വിമർശനം

പത്തനംതിട്ട: നഗരസഭയിൽ നിന്നും നൽകുന്ന കെട്ടിട നിർമാണ അനുമതിയുടെ മറവിൽ മണ്ണ് മാഫിയയുടെ പ്രവർത്തനം അനുവദിക്കില്ല എന്ന് പത്തനംതിട്ട നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ വ്യക്തമാക്കി. പല കെട്ടിടനിർമാണ അപേക്ഷകളിലും ആവശ്യത്തിലധികം മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതി തേടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

Advertisements

ലഭ്യമാകുന്ന കെട്ടിട പെർമിറ്റിന്റെ മറവിൽ അനുവദനീയമായതിൽ അധികം മണ്ണ് സ്ഥലത്തു നിന്ന് നീക്കം ചെയ്യുന്നതിന് പിന്നിൽ മണ്ണ് മാഫിയ പ്രവർത്തിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി പ്രത്യേക സ്‌ക്വാഡിന് രൂപം നൽകാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു.
മണ്ണ് നീക്കം ചെയ്യുന്നതിനായി ലഭിക്കുന്ന അപേക്ഷയിൽ മുനിസിപ്പൽ എഞ്ചിനീയർ സ്ഥലപരിശോധന നടത്തി നീക്കം ചെയ്യേണ്ട മണ്ണിന്റെ അളവ് നിശ്ചയിക്കും. അനുമതി നൽകുന്ന വസ്തുവിൽ നിന്നും മണ്ണ് നീക്കം ചെയ്യേണ്ട ഭാഗവും എത്ര അളവിൽ മണ്ണ് നീക്കം ചെയ്യാനുണ്ട് തുടങ്ങിയ വിവരങ്ങൾ കൃത്യമായി സൈറ്റ് പ്ളാനിൽ രേഖപ്പെടുത്തും. അനുമതി നൽകിയ ശേഷം വാർഡുകളുടെ ചുമതലയുള്ള ഓവർസിയർ സ്ഥലം സന്ദർശിച്ച് അനുമതി നൽകിയ അളവ് മണ്ണ് മാത്രമാണ് സ്ഥലത്തു നിന്നും നീക്കം ചെയ്തത് എന്ന് ഉറപ്പുവരുത്തും. അനുവദനീയമായതിൽ അധികം മണ്ണ് നീക്കം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടാൽ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ സ്റ്റോപ്പ് മെമ്മോ നൽകും. കൂടുതൽ മണ്ണ് നീക്കം ചെയ്യുന്ന സംഭവങ്ങളിൽ ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകും. പത്തനംതിട്ട നഗരത്തിൽ മണ്ണ് മാഫിയയുടെ പ്രവർത്തനങ്ങൾ ഒരു തലത്തിലും അംഗീകരിക്കില്ലെന്നും ഇതിനായി പോലീസ്, റവന്യൂ, ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുമെന്നും ചെയർമാൻ കൗൺസിൽ യോഗത്തെ അറിയിച്ചു.

Hot Topics

Related Articles