തിരുവനന്തപുരം ∶ ഒരിക്കൽ ഏക്കറുകണക്കിന് ഭൂമിയുടെ ഉടമയായിരുന്ന അമ്മ, ഇന്ന് ജീവിതത്തിന്റെ അസ്തമയത്തിൽ വെളിച്ചമില്ലാത്ത ഇടുങ്ങിയ കടമുറിയിലാണ് അന്തിയുറങ്ങുന്നത്.ലക്ഷംവീട് പദ്ധതിക്കും ആശുപത്രിക്കും രണ്ടേക്കറോളം ഭൂമി ദാനം ചെയ്ത കുടുംബത്തിലെ 91 കാരിയായ ലില്ലിക്കുട്ടിക്കും, അവിവാഹിതയായ മകൾ 65 കാരി കമലക്കും ഇന്ന് അഭയം വെറും കടമുറി മാത്രം.മൂന്നാണും നാലുപെണ്ണുമായി ഏഴുമക്കളുള്ള ലില്ലിക്കുട്ടിയുടെ മക്കൾ സർക്കാർ ജോലിയും ബിസിനസും ചെയ്യുന്ന നിലയിലാണെങ്കിലും, വസ്തുതർക്കവും കേസുകളുമൊക്കെയാണ് അമ്മയെ നിരാലംബയാക്കിയത്. കുടുംബസ്വത്ത് പങ്കുവച്ചപ്പോൾ വീട് രണ്ടാമത്തെ മകന്റെ പേരിലായിരുന്നുവെങ്കിലും, പിന്നീട് അത് മകള്ക്ക് നൽകി അവൾ വിറ്റതോടെയാണ് അമ്മയും മകളും വഴിയാത്രക്കാരായത്.റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ലില്ലിയെ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും പോലീസും ഇടപെട്ട് കുടുംബത്തിന്റേതായ കടമുറിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിൽപ്പെട്ട ഭൂമിയിലുള്ള ഈ കടമുറിയിൽ എത്രകാലം കഴിയാമെന്ന് വ്യക്തമല്ല.
വൈദ്യുതി വിച്ഛേദിച്ചതോടെ അമ്മയുടെ ജീവിതം പൂർണ്ണമായും ഇരുട്ടിലായി. പ്രാഥമിക ആവശ്യങ്ങൾക്കും സൗകര്യമില്ലാത്തതിനാൽ, അമ്മയുടെ വിസർജ്യം കമലം ബക്കറ്റിൽ ശേഖരിച്ചു കളയേണ്ടിവരുന്നതായും അവൾ പറയുന്നു. ‘വീഴ്ചയിൽ പരിക്കേറ്റ് അമ്മയുടെ കാലിൽ കമ്പി ഇട്ടിട്ടുണ്ട്. എഴുന്നേൽക്കാനും ഇരിക്കാനും പ്രയാസമാണ്. വെള്ളമില്ല, വൈദ്യുതി ഇല്ല — പകലും രാത്രിയും ബുദ്ധിമുട്ടാണ്’ – കമലം കണ്ണുനിറഞ്ഞ് പറയുന്നു.ലില്ലിക്കുട്ടിയുടെ ഭർത്താവ് ഇസ്രായേൽ, ഇരുപതുവർഷം പെരുമ്പഴുതൂർ പഞ്ചായത്തംഗമായിരുന്നു. നാട്ടിനുവേണ്ടി ഭൂമി ദാനം ചെയ്തതും ആ കാലത്താണ്. 2007-ലാണ് അദ്ദേഹം അന്തരിച്ചത്. കമലം തന്നെ ഒരിക്കൽ നെയ്യാറ്റിൻകര നഗരസഭാ കൗൺസിലറുമായിരുന്നു.”താല്കാലിക സംരക്ഷണമാണ് ഇപ്പോൾ നൽകിയത്. ഹിയറിങ്ങിനുശേഷം തുടർനടപടികൾ സ്വീകരിക്കും” – ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എസ്. ഷംനാദ് അറിയിച്ചു.