തിരുവനന്തപുരം: തിരുമല വാർഡിലെ ബിജെപി കൗൺസിലർ അനിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധ്യമപ്രവർത്തകരോട് പ്രകോപിതനായി.”നിങ്ങളോട് ആരാ പറഞ്ഞത്? നിങ്ങൾ ഏതു ചാനലാ? മതി, അവിടെ ഇരുന്നാ മതി. നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്. ഞാൻ മറുപടി തരില്ല. ആത്മഹത്യ ചെയ്ത കൗൺസിലറാണ്. നിങ്ങൾ ഇങ്ങനെ നുണ പ്രചരിപ്പിക്കരുത്. ശുദ്ധ നുണയാണ്, നിങ്ങൾ നുണ പറയുന്ന ചാനലാണ്. ഒരു നാണവുമില്ലാത്ത ചാനലാ. മരിച്ച ഒരാളെ കുറിച്ച് ഇങ്ങനെ പറയുന്നതിൽ നാണമില്ലേ നിങ്ങൾക്ക്?” – മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചു.
സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് കയ്യേറ്റം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വിവാദ പ്രസ്താവനയ്ക്ക് കാരണമായത്. “നിന്നാ മതി അവിടെ, ഞാൻ കാണിച്ചുതരാം” എന്നായിരുന്നു ചന്ദ്രശേഖറിന്റെ കടുത്ത മുന്നറിയിപ്പ്.ഇത് സിപിഎം നടത്തിയ ക്രിമിനൽ കൃത്യമാണെന്നും, സത്യം വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും അദ്ദേഹം ആരോപിച്ചു. അനിൽ പ്രസിഡന്റായിരുന്ന സൊസൈറ്റിയിൽ ബിജെപി ഭരണം ഉണ്ടായിരുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.