ദില്ലി: ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ സമവായം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംയുക്ത പ്രസ്താവനയിൽ ധാരണയായ വിവരം അറിയിച്ചത്. ഒരു സന്തോഷ വാർത്ത അറിയിക്കുന്നു എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. സമവായത്തിനായി കഠിനാധ്വാനം ചെയ്ത ഷെർപ, മറ്റ് മന്ത്രിമാർ എന്നിവരെ അഭിനന്ദിക്കുന്നുവെനന്നും മോദി കൂട്ടിച്ചേർത്തു.
വികസനപരവും ഭൗമരാഷ്ട്രീയപരവുമായ എല്ലാ വിഷയങ്ങളിലും 100 ശതമാനം സമവായത്തോടെയാണ് ഉച്ചകോടിക്കുള്ള സംയുക്ത പ്രസ്താവന തയാറാക്കിയതെന്ന് ജി20 ഷെർപ്പ അമിതാഭ് കാന്ത് പറഞ്ഞു. യുക്രെയ്ൻ വിഷയത്തിലടക്കം ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിച്ചാണ് ജി20യുടെ സംയുക്ത പ്രസ്താവന തയാറാക്കി ഇരിക്കുന്നതെന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുക്രെയ്ൻ യുദ്ധം പരാമർശിച്ചാണ് ജി20 പ്രഖ്യാപനം. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രഖ്യാപനം നടത്തിയത്. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ലെന്നും ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ലെന്നും പ്രഖ്യാപനത്തിൽ പറയുന്നു. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കണമെന്നും ജി 20 പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
കൊവിഡിന് ശേഷമുള്ള മനുഷ്യദുരിതം കൂട്ടാൻ യുക്രെയ്ൻ യുദ്ധം ഇടയാക്കിയെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കും. ക്രിപ്റ്റോ കറൻസിക്ക് അന്താരാഷ്ട്ര നിയന്ത്രണ ചട്ടങ്ങൾ ഉണ്ടാകും. ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലും സംരക്ഷണ ചടങ്ങൾ ഉണ്ടാകും.
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്നാണ് ഡൽഹിയിൽ തുടക്കമായത്. രാവിലെ ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിൽ യുഎസ് പ്രസിഡൻറ് ജോബൈഡൻ ഉൾപ്പടെയുള്ള നേതാക്കളെ നരേന്ദ്ര മോദി സ്വീകരിച്ചു. സൗദി രാജകുമാരൻ മൊഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡൻറ് മൊഹമ്മദ് ബിൻ സയിദ് അൽനഹ്യാൻ, യുകെ പ്രധാനമന്ത്രി റിഷി സുനക്. ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് തുടങ്ങി 30 രാഷ്ട്രനേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. വൺ എർത്ത്, വൺ ഫാമിലി എന്നീ വിഷയങ്ങളിലുള്ള സെഷനാണ് ഇന്ന് നടക്കുന്നത്. വൈകിട്ട് രാഷ്ട്രപതി ജി20 നേതാക്കൾക്ക് അത്താഴവിരുന്ന് നല്കും . അതേസമയം, ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങും റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല.