പോളിങ് ഉദ്യോഗസ്ഥര്‍ ബാലറ്റുമായി വീട്ടിലെത്തും; വീട്ടില്‍ വോട്ട് ചെയ്യുന്നതിന് അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഇന്ന്

തിരുവനന്തപുരം : 85 വയസുപിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ള ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക്. ഇതിനായി അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഏപ്രില്‍ രണ്ടാണ്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) മുഖേനെ 12 ഡി ഫോമില്‍ നിര്‍ദിഷ്ട വിവരങ്ങള്‍ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകർക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയശേഷം താമസ സ്ഥലത്തു വെച്ചുതന്നെ തപാല്‍ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും.

Advertisements

രണ്ടു പോളിങ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക. ബി.എല്‍.ഒമാര്‍ വീടുകള്‍ സന്ദര്‍ശിക്കുന്ന സമയത്ത് വോട്ടര്‍ സ്ഥലത്തില്ലെങ്കില്‍ വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനുള്ളില്‍ വീണ്ടും സന്ദര്‍ശിക്കണമെന്നാണ് ചട്ടം. ഭിന്നശേഷിക്കാര്‍ 12 ഡി അപേക്ഷാ ഫോമിനൊപ്പം അംഗീകൃത ഡിസബിലിറ്റി സര്‍ട്ടിഫിക്കേറ്റ് (40 ശതമാനം) സമര്‍പ്പിക്കേണ്ടതുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതിനുള്ള അവകാശവും അവര്‍ക്ക് ഉണ്ടായിരിക്കും. എന്നാല്‍ 12 ഡി ഫോം നല്‍കിക്കഴിഞ്ഞാല്‍ പിന്നീട് നേരിട്ട് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയില്ല. ഏത് രീതി വേണമെന്ന തീരുമാനം അപേക്ഷകന് തന്നെ കൈക്കൊള്ളാം.

Hot Topics

Related Articles