മലയാളി ടീമിൽ..! നാലാം ലോകകപ്പ് ഇന്ത്യ ഉറപ്പിച്ചോ…? ലോകകപ്പിൽ ഇന്ത്യയുടെ ഭാഗ്യ താരം മലയാളിയോ

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിൽ ജൂൺ ഒന്നിന് ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് ഇന്ത്യ ഉറപ്പിച്ചോ..? ഇന്ത്യൻ ആരാധകരുടെ അന്ധവിശ്വാസം ശരിയാണെങ്കിൽ ഇക്കുറി ലോകകപ്പ് ഇന്ത്യയുടെ ഷെൽഫിൽ ഇരിക്കും. ഇക്കുറി ട്വന്റി 20 ലോകകപ്പിന് പോകുന്ന ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായി മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസൺ ഉണ്ടെന്നതാണ് ലോകകപ്പിൽ ആരാധകരുടെ അന്ധവിശ്വാസം ഇരട്ടിയാക്കുന്നത്.
ഇന്ത്യ ആദ്യ ലോകകപ്പ് നേടുന്ന 1983 ൽ ഇന്ത്യയുടെ ടീമിൽ റിസർവ് ബഞ്ചിൽ ഒരു മലയാളിയുണ്ടായിരുന്നു. സുനിൽ വൽസൺ. ഒരു കളി പോലും കളിച്ചില്ലെങ്കിലും ഇദ്ദേഹവും ഇന്ത്യൻ ടീമിന്റെ ഭാഗമായി ഉണ്ടായിരുന്നു. ലോഡ്‌സിൽ കപിലിന്റെ ചെകുത്താന്മാർ കപ്പുയർത്തുമ്പോൾ ഒപ്പം ആ മലയാളിയുമുണ്ടായിരുന്നു. ഇതിന് ശേഷം 2007 വരെ നടന്ന ഒരു ലോകകപ്പിലും ഫുൾ മലയാളി താരം ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നില്ല. 2007 ൽ പ്രഥമ ട്വന്റി 20 ലോകകപ്പ് ധോണിയുടെ നേതൃത്വത്തിലുള്ള സംഘം സ്വന്തമാക്കുമ്പോൾ, എസ്.ശ്രീശാന്ത് എന്ന കൊച്ചിക്കാരൻ പേസ് ബൗളറും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. ഫൈനലിൽ പാക്ക് ബാറ്റർ മിസ്ബാ ഉൾഹഖിന്റെ പിഴച്ച സ്‌കൂപ്പ് ക്യാച്ച് എടുക്കാൻ ഓടിയെത്തിയത് ഈ മലയാളിയായിരുന്നു. 2011 ൽ സച്ചിന് വേണ്ടി ഇന്ത്യ ലോകകപ്പ് നേടുമ്പോഴും അതേ ശ്രീശാന്ത് തന്നെ ഒരറ്റത്തുണ്ടായിരുന്നു. രണ്ട് ലോകകപ്പ് നേടിയ മലയാളി താരമായി ശ്രീയും കളിക്കളത്തിലുണ്ടായിരുന്നു. എന്നാൽ, ഇതിന് ശേഷം നടന്ന ഒരു ലോകകപ്പിലും ഇന്ത്യയ്ക്ക് കപ്പുയർത്താൻ ഭാഗ്യം ഉണ്ടായില്ല. അതുകൊണ്ടു തന്നെ ഇക്കുറി വെസ്റ്റ് ഇൻഡീസിലേയ്ക്ക് ഇന്ത്യൻ നിരയ്‌ക്കൊപ്പം സഞ്ജു എന്ന മലയാളിയുമുണ്ട്. ഇത് ഇന്ത്യൻ ആരാധകർക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.

Hot Topics

Related Articles