അടൂർ: വായ്പാ കുടിശ്ശിക അടയ്ക്കണമെന്നും അല്ലെങ്കില്‍ തുടർനടപടി എടുക്കുമെന്നും കാണിച്ചുള്ള ബാങ്ക് നോട്ടീസ് കിട്ടിയതിന് പിന്നാലെ, എട്ടുവർഷമായി തളർന്നു കിടന്നയാള്‍, വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു. അടൂർ കടമ്പനാട് തുവയൂർ തെക്ക് രമ്യാഭവനില്‍ യശോധരൻ(57) ആണ് മരിച്ചത്.
അടിവയറ്റില്‍ കത്രികകൊണ്ട് സ്വയം കുത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. എട്ടുവർഷം മുൻമ്പ് മരത്തില്‍നിന്നും വീണ് ഗുരുതര പരിക്കേറ്റതിനെത്തുടർന്നാണ് യശോധരൻ തളർന്നു കിടപ്പായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാർച്ച് 21-ന് പുലർച്ചെയാണ് വീട്ടുകാർ വയറിന് മുറിവേറ്റ നിലയില്‍ യശോധരനെ കണ്ടത്. അടൂർ ഏഴംകുളം ചായലോടുള്ള സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വൈകീട്ട് മരിച്ചു.
വായ്പാ കുടിശ്ശികയുടെ പേരിലുള്ള ബാങ്കിന്റെ നോട്ടീസ് കിട്ടിയതുമുതല്‍ യശോധരൻ മനോവിഷമത്തിലായിരുന്നു. ഇതാണ് മരിക്കാൻ കാരണമെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ കെ.ഉഷാകുമാരി പറഞ്ഞു. 2018-19-ല്‍ വീടുപണിക്ക് വേണ്ടിയാണ് അടൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കില്‍നിന്ന് വായ്പ എടുത്തത്.
ഉഷാകുമാരിയുടെ പേരിലായിരുന്നു വായ്പ. 6,82,000 രൂപയാണ് കുടിശ്ശിക. എന്നാല്‍, വായ്പ അടയ്ക്കുന്നതു സംബന്ധിച്ച് 60 ദിവസം മുൻപ് കത്ത് നല്‍കിയിരുന്നെന്നും തുടർനടപടി ഒന്നും സ്വീകരിച്ചിരുന്നില്ലെന്നുമാണ് ബാങ്കിന്റെ വിശദീകരണം. അടുത്തിടെ കുടിശ്ശിക അടയ്ക്കണം എന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർ ഫോണ്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്ന് ബാങ്ക് പ്രസിഡൻറ് ഏഴംകുളം അജു പറഞ്ഞു. മൃതദേഹം സംസ്കരിച്ചു.