മജ്ജമാറ്റിവെക്കലിലൂടെ രക്താർബുദത്തെ അതിജീവിച്ചവർ കൊച്ചിയിൽ ഒത്തുകൂടി

അർബുദത്തെ അതിജീവിച്ചവരുടെ അനുഭവകഥകൾ വിവരിക്കുന്ന “കാൻസ്പയർ” പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

കൊച്ചി, ഫെബ്രുവരി 29, 2024: മജ്ജമാറ്റിവെയ്ക്കലിലൂടെ രക്താർബുദത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് സധൈര്യം മടങ്ങിവന്ന മനുഷ്യർ, പ്രത്യാശകളും അനുഭവകഥകളും പങ്കുവെച്ച് ആസ്റ്റർ മെഡ്‌സിറ്റി കാമ്പസിൽ ഒത്തുകൂടി. കാൻസറിനോട് ധീരമായി പൊരുതി മറ്റുള്ള രോഗികൾക്ക് പ്രചോദനമായി മാറിയ മനുഷ്യരുടെ അതിജീവനകഥകൾ പറയുന്ന “കാൻസ്പയർ” പുസ്തകത്തിന്റെ മൂന്നാം പതിപ്പും ചടങ്ങിൽ പുറത്തിറക്കി. പ്രശസ്ത മാധ്യമവ്യക്തിത്വമായ ശ്രീകണ്ഠൻ നായരായിരുന്നു വിശിഷ്ടാതിഥി. മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമുള്ള നിർധനർക്ക് ചികിത്സാസഹായം സ്വരൂപിക്കാൻ മുൻകൈയെടുക്കുന്ന വിവിധ ജില്ലകളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരും ചടങ്ങിന്റെ ഭാഗമായി. പദ്ധതിയിൽ സജീവമായി പ്രവർത്തിക്കുന്ന അംഗങ്ങളെ ആസ്റ്റർ മെഡ്‌സിറ്റി ആദരിച്ചു. കാൻസറിന്റെ പിടിയിൽ നിന്ന് മോചിതരായ വ്യക്തികൾ അവതരിപ്പിച്ച കലാപരിപാടികളായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. നൃത്തവും പാട്ടുമെല്ലാമായി അവർ കളംനിറഞ്ഞത് പ്രതീക്ഷാനിർഭരമായ കാഴ്ചയായിരുന്നു. അവർ പങ്കുവെച്ച അനുഭവങ്ങൾ കാൻസറിനോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ വരുന്നതിന്റെ സൂചനയായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാൻസ്പയർ പുസ്തകത്തിന്റെ മൂന്നാം എഡിഷനിൽ 13 ഡോക്ടർമാരുടെ ചികിത്സാഅനുഭവങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 15 കഥകളാണ് പുതിയ പതിപ്പിൽ. ആസ്റ്റർ മെഡ്സിറ്റിയിലെ അർബുദചികിത്സാവിഭാഗം ഡോക്ടർമാരുടെയും ജീവനക്കാരുടെയും മറ്റ് കാണികളുടെയും സാന്നിധ്യത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായരാണ് പുസ്തകം പ്രകാശനം ചെയ്തത്. എല്ലാം അവസാനിച്ചുവെന്ന് കരുതി കീഴടങ്ങേണ്ട രോഗമല്ല കാൻസറെന്നും കൃത്യമായ ചികിത്സയും മനക്കരുത്തും കൊണ്ട് അതിജീവിക്കാൻ കഴിയുന്ന ഒരു അവസ്ഥയാണതെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു. അതേ ആശയം തന്നെയാണ് പരിപാടിയിൽ പങ്കെടുത്ത എല്ലാ ഡോക്ടർമാരും വിശിഷ്ടവ്യക്തികളും പങ്കുവെച്ചതും.

ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ഹെമറ്റോ ഓങ്കോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. രാമസ്വാമി എൻവി, ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജി കൺസൽട്ടൻറ് ഡോ. സന്തോഷ് കുമാർ എൻ, ഹെമറ്റോളജി വിഭാഗം കൺസൽട്ടൻറ് ഡോ. ദീപക് ചാൾസ്, ഹെഡ് ഓഫ് ഓപ്പറേഷൻസ് ധന്യ ശ്യാമളൻ എന്നിവരും ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം ഡോക്ടർമാരും ജീവനക്കാരും അടക്കമുള്ളവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Hot Topics

Related Articles