കോഴികോട്: മാങ്കൂട്ടത്തിൻ്റെ വിഷയത്തിൽ ഒളിച്ചോടിയിട്ടില്ലെന്നും ‘മുങ്ങി’ എന്ന പരാമർശം തെറ്റാണെന്നും ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. രാഹുലിനെതിരെ നിയമപരമായി പരാതിയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിൽ സംഘടനാ ചുമതല ഒഴിഞ്ഞിട്ടും കോൺഗ്രസിനെ ചിലർ ധാർമികത പഠിപ്പിക്കുകയാണെന്നും ഷാഫി കുറ്റപ്പെടുത്തി.
സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച സംഭവത്തിൽ വടകരയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധിയോ എഫ്ഐആറോ ഇല്ലാതെ തന്നെ ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുൽ രാജിവെച്ചുവെന്നും, രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എതിർപക്ഷം വിമർശനം തുടരുകയാണെന്നും ഷാഫി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിഹാറിലേക്ക് പോയത് വോട്ടർ അധികാർ യാത്രയുടെ ഭാഗമായി മാത്രമാണെന്നും, ഒളിച്ചോടിയെന്ന വ്യാഖ്യാനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനെതിരെ വിമർശനം നടത്തുന്നവർ മുഖ്യമന്ത്രിയുടെ സ്റ്റാഫിനെതിരെയും പ്രതികരിക്കേണ്ടിവരുമെന്നും ഷാഫി ആരോപിച്ചു. സർക്കാരിന്റെ പരാജയങ്ങൾ മറച്ചുപിടിക്കാനാണ് ഇത്തരം വിവാദങ്ങൾ ഉയർത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവാദ വിഷയത്തിൽ കോൺഗ്രസിലെ എല്ലാ ഉത്തരവാദികളുടെയും പ്രതികരണങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും, കൂടുതൽ പറയാനില്ലെന്നും ഷാഫി വ്യക്തമാക്കി. അതേസമയം, വടകരയിൽ ഷാഫി പങ്കെടുത്ത പരിപാടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി. പൊലീസ് തടഞ്ഞതിനാൽ നേരിയ സംഘർഷം ഉണ്ടായി. പ്രവർത്തകർ ഷാഫിയും വി.ഡി. സതീശനും രാഹുലിനെ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി ഫ്ലക്സ് ഉയർത്തി പ്രതിഷേധിച്ചു.