കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള ഭക്തിനിർഭരവും വർണാഭവുമായ റാസ നാളെ നടക്കും. ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ മണർകാട് കത്തീഡ്രലിലെ റാസയിൽ പതിനായിരക്കണക്കിന് മുത്തുക്കുടകളും നൂറുകണക്കിന് പൊൻ-വെള്ളിക്കുരിശുകളും കൊടികളും വെട്ടുക്കുടകളുമായി വിശ്വാസസഹസ്രങ്ങൾ അണിചേരും. ഉച്ചനമസ്കാരത്തെ തുടർന്ന് മുത്തുക്കുടകൾ വിതരണം ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് അംശവസ്ത്രധാരികളായ വൈദികർ പ്രാർഥനകൾക്ക് ശേഷം പള്ളിയിൽനിന്ന് ഇറങ്ങി കൽക്കുരിശിലെ ധൂപപ്രാർഥനയ്ക്ക് ശേഷം റാസയിൽ അണിചേരും. കണിയാംകുന്ന്, മണർകാട് കവല എന്നിവിടങ്ങളിലെ കുരിശിൻ തൊട്ടികളും കരോട്ടെ പള്ളിയുംചുറ്റി മൂന്നര കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് തിരികെ വലിയപള്ളിയിലെത്തുക.
ഏഴിന് രാവിലെ 11.30ന് മധ്യാഹ്ന പ്രാർഥനയെത്തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായുടെ മുഖ്യകാർമ്മിത്വത്തിൽ നടതുറക്കൽ ശുശ്രൂഷ നടക്കും. കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കൽ ശുശ്രൂഷ. തുടർന്ന് കറിനേർച്ചയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്ര. വൈകിട്ട് 7.30ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 8.45ന് ആകാശവിസ്മയം. 10ന് പരിചമുട്ടുകളി, മാർഗം കളി. രാത്രി 12ന് കറിനേർച്ച വിതരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റലിൽ ഡയാലിസിസ് സെന്ററും പുതിയ ജീറിയാട്രിക് ബ്ലോക്കും ആരംഭിച്ചു
മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റലിൽ പുതിയതായി ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ബഹു. കേരളാ സഹകരണം, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അവർകൾ നിർവ്വഹിച്ചു.
മണർകാട് പള്ളിയിലെ എട്ടു നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം പള്ളി അങ്കണത്തിൽ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലിത്തായുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വെച്ചാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.
14 ഡയാലിസിസ് മെഷീനുകൾ ക്രമീകരിച്ച്, ഡയാലിസിസ് ആവശ്യമുള്ള 56 രോഗികൾക്ക് വരെ രണ്ട് ഷിഫ്റ്റുകളിലായി ദിവസേന ചികത്സ ലഭ്യമാക്കത്തക്ക വിധമാണ് പുതിയതായി ആരംഭിച്ച ഡയാലിസിസ് സെന്ററിൽ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
മണർകാട് പള്ളിയുടെ ആത്മീയ അന്തരീക്ഷത്തിൽ വയോജനങ്ങൾക്ക് താങ്ങും തണലുമായി 2023 – ൽ ആരംഭിച്ച ജീറിയാട്രിക് ഡിപ്പാർട്ട്മെന്റിന്റെ എല്ലാ മുറികളും പൂർണ്ണമായി ഇപ്പോൾ ഉപയോഗിച്ച് വരുന്നതിനാൽ കൂടുതൽ മുറികൾ ആവശ്യമായി വന്ന സാഹചര്യത്തിൽ ഈ വർഷം പുതിയതായി നിർമ്മിച്ച ജീറിയാട്രിക് ബ്ലോക്കിന്റെ ഉദ്ഘാടനം, ബഹു. കോട്ടയം MP ശ്രീ ഫ്രാൻസിസ് ജോർജ് അവർകളും ഇന്നലെ നടന്ന സമ്മേളനത്തിൽ നിർവ്വഹിച്ചു.
1946-ൽ മണർകാട് പള്ളിയുടെ ഉടമസ്ഥതയിൽ ആരംഭിച്ച മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റലിൽ വിവിധ വികസന പദ്ധതികളാണ് ഈ വർഷം നടപ്പിലാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടെ ഓപ്പറേഷൻ തീയേറ്റർ നവീകരിക്കുകയും കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി കൊണ്ട് ദേശത്തിന്റെ ആരോഗ്യസേവനരംഗത്ത് മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റൽ നിർണ്ണായക പങ്കു വഹിച്ച് വരുന്നു എന്ന് ഹോസ്പിറ്റൽ സെക്രട്ടറി വി.ജെ.ജേക്കബ് വാഴത്തറ അറിയിച്ചു.
മാതാവിന്‍റെ ജീവിതമഹത്വത്തെ ഉൾക്കൊള്ളാന്‍ വിശ്വാസികൾക്ക്
സാധിക്കണം: ഐസക് മോർ ഒസ്താത്തിയോസ്
മണർകാട്: എട്ടുനോമ്പ് ആചരണത്തിലൂടെ പരിശുദ്ധ ദൈവമാതാവിന്‍റെ ജീവിതമഹത്വത്തെ ഉൾക്കൊണ്ടു ജീവിക്കാന്‍ വിശ്വാസികൾക്ക് സാധിക്കണമെന്ന് മൈലാപ്പൂർ, ബാംഗ്ലൂർ, യുകെ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്താത്തിയോസ്. കന്യകമറിയാമിനെ ദൈവം കൂടുതൽ സ്നേഹിക്കാന്‍ കാരണം അവളുടെ വിശുദ്ധിയാണ്. അതുകൊണ്ട് പെരുന്നാളിന്‍റെ ദിവസങ്ങളിൽ ജീവിതത്തിൽ വിശുദ്ധിയുടെ അനുഭവത്തിലൂടെ കടന്നുപോകാന്‍ സാധ്യമാകണം. അശുദ്ധമായതിനെ ദൂരീകരിച്ച് ദൈവത്തിന്‍റെ മന്ദിരമായി സ്വയം ചമയ്ക്കണം. വാക്കിലും പ്രവർത്തിയിലും ജീവിതത്തിന്‍റെ എല്ലാ സാഹചര്യത്തിലും മാതാവ് ദൈവത്തിന്‍റെ കൽപ്പന പുർണമായി അനുസരിച്ചവളായിരുന്നു. മനുഷ്യന് അനുസരണം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാതാവിനെ പോലെ ദൈവത്തെ അനുസരിച്ച് പ്രാർഥനയോടെ ജീവിക്കാന്‍ വിശ്വാസികൾ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞുയ
മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്‍റെ നാലാം ദിനമായ ഇന്നലെ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ശേഷം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഐസക് മോർ ഒസ്താത്തിയോസ്, ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ എന്നിവർ ധ്യാനപ്രസംഗങ്ങൾ നടത്തി.
മണർകാട് ഇന്ന്
കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന – പൗരസ്ത്യ സുവിശേഷം സമാജം മെത്രാപ്പോലീത്ത മർക്കോസ് മോർ ക്രിസോസ്റ്റമോസിന്റെ മുഖ്യകാർമ്മികത്വത്തിൽ. രാവിലെ 11ന് പ്രസംഗം – മർക്കോസ് മോർ ക്രിസോസ്റ്റമോസ്. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന. ഉച്ചകഴിഞ്ഞ് 2.30ന് പ്രസംഗം – കുറിയാക്കോസ് കോർഎപ്പിസ്കോപ്പാ മണലേൽച്ചിറ. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥന. ആറിന് ധ്യാനശുശ്രൂഷ – എംഎസ്ഒടി സെമിനാരി ഗോസ്പൽ ടീമിന്റെ ആഭിമുഖ്യത്തിൽ. ഏഴിന് ധ്യാനപ്രസംഗം – ഡോ. കുറിയാക്കോസ് മോർ തെയോഫിലോസ്.
മണർകാട് നാളെ
കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ അഞ്ചിന്മേൽ കുർബാന – യൂറോപ്പ് ഭദ്രാസനാധിപനും എംഎസ്ഒടി സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തയുമായ കുറിയാക്കോസ് മോർ തെയോഫിലോസിന്റെ മുഖ്യകാർമ്മികത്വത്തിൽ. 11.30ന് മധ്യാഹ്ന പ്രാർഥന. 12ന് റാസയ്ക്കുള്ള മുത്തുക്കുട വിതരണം. ഉച്ചകഴിഞ്ഞ് രണ്ടിന് കുരിശുപള്ളികളിലേക്കുള്ള ഭക്തിനിർഭരവും വർണാഭവുമായ റാസ. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥന.
മണർകാട്: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
അത്മീയ ചൈതന്യത്തിന്‍റെ അത്യുന്നതങ്ങളിലേക്ക് വിശ്വാസികളെ ആനയിക്കുന്നതുപോലെ ഭൗതീകജീവിതത്തിന്‍റെ വിവിധ മേഖലകളിൽ ഇടപെട്ടുകൊണ്ടാണ് മണർകാട് കത്തീഡ്രലിന്‍റെ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്‍ മനുഷ്യസ്നേഹത്തിനു വേണ്ടി യാചിക്കുന്ന സന്ദർഭത്തിൽ സഹായഹസ്തവുമായി ഓടിയെത്തുന്ന വിശ്വമാനവികതയുടെ സന്ദേശമാണ് മണർകാട് ദേവാലായം ഉയർത്തിപിടിക്കുന്നത്. ഉത്തരേന്ത്യയിൽ ക്രിസ്ത്യന്‍ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നു, സമർപ്പിതരായ സന്യസ്ഥരെ ജയിലിടയ്ക്കപ്പെടുന്നു… ഇത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ തകർക്കുകയാണ്, അതിനെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ഭരണഘടനയുടെ അന്തസത്തയെയാണ് ഇത്തരം പ്രവർത്തകളിലൂടെ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെൻറ് മേരീസ് ഹോസ്പിറ്റലിലെ ഡയാലിസിസ് ഡിപ്പാർട്ട്‌മെന്റിൻറെ പുതിയ ബ്ലോക്കിൻറെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കത്തീഡ്രൽ സെക്രട്ടറി പി.എ. ചെറിയാൻ പാണാപറമ്പിൽ കത്തീഡ്രലിൻറെ റിപ്പോർട്ട് അവതരിപ്പിച്ചു. സീറോ മലബാർ സഭ കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ദൈവത്തിന്‍റെ വലിയ കൃപ നിറഞ്ഞുനിൽക്കുന്ന പ്രകാശഗോപുരമാണ് നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള മണർകാട് കത്തീഡ്രലെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. കേരളത്തിന്‍റെ ആദ്യാത്മിക ഭൗതീക സാംസ്കാരിക ഉന്നതിക്ക് ചെയ്ത സംഭാവനകൾ അതുല്യങ്ങളാണെന്ന് അതിശയോക്തിയില്ലാതെ പറയാന്‍ സാധിക്കും. രക്ഷയ്ക്ക് കാരണക്കാരിയായ പരിശുദ്ധ മറിയത്തിന്‍റെ ജീവിതം നൽകുന്ന ഉന്നതമായ ദർശനങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും ആ ബോധ്യങ്ങളിൽ വളരാനും സാധിക്കാന്‍ കൂടിയാവണം ഇതുപോലെയുള്ള തിരുന്നാൾ അവസരങ്ങളും ചിന്തകളും. ജീവിതത്തിന്‍റെ നൈർമല്യവും ധാർമ്മികതയും നഷ്ടപ്പെട്ടുപോയാൽ കാലിടറി വീഴും എന്ന ശക്തമായ സന്ദേശം മാതാവ് നൽകുന്നുണ്ട്. ജാതി മത വർഗ വർണ ചിന്തകൾക്ക് അതീതമായി എല്ലാവരെയും ചേർത്തുപിടിക്കുന്ന സ്നേഹത്തിന്‍റെ മാനവികതയുടെ സംസ്കൃതിയിലേക്ക് നടക്കാന്‍ സാധിക്കണം. ക്രൈസ്തവ ദർശനം ഈ കൂട്ടായ്മയുടെ ദർശനമാണെന്നും അദ്ദേഹം പറഞ്ഞു.
കോർഎപ്പിസ്‌കോപ്പ സ്ഥാനം ലഭിച്ച കത്തീഡ്രൽ സഹവികാരി ജെ. മാത്യു മണവത്ത് കോർഎപ്പിസ്‌കോപ്പായെ യൂറോപ്പ് ഭദ്രാസനാധിപനും എംഎസ്ഒടി സെമിനാരി റെസിഡൻറ് മെത്രാപ്പോലീത്തയുമായ ഡോ. കുറിയാക്കോസ് മോർ തെയോഫിലോസ് കത്തീഡ്രലിന്റെ ഉപഹാരം നൽകി ആദരിച്ചു. സെൻറ് മേരീസ് ഹോസ്പിറ്റലിലെ ജെറിയാട്രിക് ഡിപ്പാർട്ട്‌മെൻറിൻറെ പുതിയ ബ്ലോക്കിൻറെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപിയും സെൻറ് മേരീസ് സൺഡേ സ്‌കൂളുകളുടെ സ്മാർട് ക്ലാസ് ഉദ്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎയും നിർവഹിച്ചു.
ജെ. മാത്യു കോർ എപ്പിസ്‌കോപ്പ മണവത്ത് മറുപടി പ്രസംഗം നടത്തി. കത്തീഡ്രൽ സഹവികാരിയും പ്രോഗ്രാം കൺവീനറുമായ കുറിയാക്കോസ് കോർഎപ്പിസ്കോപ്പ കിഴക്കേടത്ത്, പ്രോഗ്രാം ജോയിൻറ് കൺവീനർ ഫാ. ലിറ്റു തണ്ടണ്ടാശേരിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡീക്കന്‍ ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം കണിയാംപറമ്പിൽ, ബെന്നി റ്റി. ചെറിയാന്‍ താഴത്തേടത്ത്, ജോർജ് സഖറിയ ചെമ്പോല എന്നിവർ പ്രസംഗിച്ചു.