“വിവാദമുണ്ടാക്കാനോ ആരെയും അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല; തന്‍റെ ചില പ്രസ്താവനകൾ എഡിറ്റ് ചെയ്യുകയും സന്ദർഭത്തിൽ നിന്ന് അടര്‍ത്തി മാറ്റുകയും ചെയ്തു” ; തൃഷ വിവാദത്തിൽ പുതിയ വാദവുമായി നടൻ മന്‍സൂര്‍ അലിഖാൻ

ചെന്നൈ: നടി തൃഷയും നടൻ മന്‍സൂര്‍ അലിഖാനും തമ്മിലുള്ള വിവാദങ്ങൾ ചർച്ച ആയിരിക്കെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പുതിയ വാദവുമായി എത്തിയിരിക്കുകയാണ് മന്‍‌സൂര്‍ അലി ഖാന്‍. പുതിയ സോഷ്യല്‍‌ മീഡിയ പോസ്റ്റില്‍ തന്റെ വാക്കുകൾ തെറ്റായി ചിത്രീകരിച്ചുവെന്നാണ് മന്‍‌സൂര്‍‌ അലിഖാന്‍ പറയുന്നത്. തന്‍റെ ചില പ്രസ്താവനകൾ എഡിറ്റ് ചെയ്യുകയും സന്ദർഭത്തിൽ നിന്ന് അടര്‍ത്തി മാറ്റുകയും ചെയ്തതാണ് വിവാദത്തിലേക്ക് നയിച്ചതെന്ന് നടന്‍ അവകാശപ്പെട്ടു.

തൃഷയോടുള്ള ബഹുമാനം പ്രകടിപ്പിച്ച തന്‍റെ വാചകം എഡിറ്റ് ചെയ്തുവെന്ന് മന്‍സൂര്‍ ആരോപിക്കുന്നു. വിവാദമുണ്ടാക്കാനോ ആരെയും അപമാനിക്കാനോ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നടന്‍ പറഞ്ഞു. തമിഴിലാണ് വിശദീകരണ കുറിപ്പ് എത്തിയിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“തൃഷ എന്റെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നെ തെറ്റായി ചിത്രീകരിച്ച് ചിലര്‍ എനിക്കെതിരെ രാഷ്ട്രീയം കളിക്കുകയാണ്.എനിക്ക് നല്ല സിനിമകള്‍ ലഭിക്കുന്നത് തടയാനാണ്  ഇത് ചെയ്യുന്നത്. എനിക്ക് സ്ത്രീകളോട് വലിയ ബഹുമാനമുണ്ട്. മുമ്പ് പല നടിമാർക്കൊപ്പവും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ ആരോടും മോശമായി പെരുമാറിയിട്ടില്ല.

ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ജനങ്ങൾക്ക് വേണ്ടി വളരെയധികം ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടാന്‍ അനുവദിക്കില്ല. എനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ എന്നെ അപകീർത്തിപ്പെടുത്തുന്നതാണ്. മനുഷ്യര്‍ക്ക് വേണ്ടി ഞാന്‍ എത്രത്തോളം നിലകൊണ്ടിരുന്നുവെന്ന് എന്റെ തമിഴ് ജനങ്ങൾക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവർക്കും അറിയാമെന്ന് കുറിപ്പില്‍‌ മന്‍സൂര്‍ അലി ഖാന്‍ പറയുന്നു. 

ഏതാനും നാളുകൾക്ക് മുൻപ് ലിയോയുമായി ബന്ധപ്പെട്ട്  നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത്. മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റോപ് സീനുകളൊന്നും ലിയോയിൽ ഇല്ലായൊന്നും ആയിരുന്നു മൻസൂർ പറഞ്ഞിരുന്നത്.

ഇതിനെതിരെയാണ് തൃഷ രംഗത്ത് എത്തിയത് -“മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്.  ലൈംഗിക, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്”, എന്നാണ് തൃഷ കുറിച്ചത്. 

നടി ഖുശ്ബു സുന്ദർ, സംവിധായകൻ ലോകേഷ് കനകരാജ്, കാർത്തിക് സുബ്ബരാജ്, ഗായിക ചിന്മയി ശ്രീപദ എന്നിവരുൾപ്പെടെ തമിഴ്‌നാട്ടിലെ നിരവധി സെലിബ്രിറ്റികൾ പിന്നാലെ മന്‍സൂറിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. അതേ സമയം  മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ച വാട്സ്ആപ് മെസേജിലൂടെയാണ് മന്‍സൂര്‍ അലി ഖാന്‍ നേരത്തെ വീഡിയോ തെറ്റിദ്ധാരണയുണ്ടാക്കിയതാണെന്ന വാദവുമായി വന്നിരുന്നു.

Hot Topics

Related Articles