“തനിക്ക് സംഭവിച്ചത് മാസീവ് ഹാർട്ട് അറ്റാക്ക്, പ്രധാന രക്തധമനിയിൽ ഉണ്ടായിരുന്നത് 95 ശതമാനം ബ്ലോക്, രക്ഷയായത് ആരോ​ഗ്യകരമായ ജീവിതശൈലി” : സുസ്മിത സെൻ


തനിക്ക് സംഭവിച്ചത് മാസീവ് ഹാർട്ട് അറ്റാക്ക്, പ്രധാന രക്തധമനിയിൽ ഉണ്ടായിരുന്നത് 95 ശതമാനം ബ്ലോക്, രക്ഷയായത് ആരോ​ഗ്യകരമായ ജീവിതശൈലി

ബോളിവുഡ് താരം സുസ്മിത സെൻ കഴിഞ്ഞ ദിവസമാണ് തനിക്ക് ഹൃദയാഘാതം ഉണ്ടായതായ കാര്യം വെളിപ്പെടുത്തിയത്. ആൻജിയോപ്ലാസ്റ്റി ചെയ്തുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സുസ്മിത അറിയിച്ചിരുന്നു. ഇപ്പോഴിതാ ഹൃദയാഘാതത്തെ അതിജീവിച്ചതിനെക്കുറിച്ച് മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സുസ്മിത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തനിക്ക് സംഭവിച്ചത് ​മാസീവ് ഹാർട്ട് അറ്റാക്ക് ആണെന്നും പ്രധാന രക്തധമനിയിൽ 95 ശതമാനവും ബ്ലോക് ആയിരുന്നുവെന്നും സുസ്മിത പറയുന്നുണ്ട്. യുവാക്കളിൽ നിരവധി പേർ ഹൃദയാഘാതത്തെ അതിജീവിക്കുന്നില്ല, ആരോ​ഗ്യകാര്യത്തിൽ കൃത്യമായ പരിശോധന നടത്തുന്നതിലൂടെ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാമെന്ന് സുസ്മിത പറയുന്നു.

വർക്കൗട്ടും തന്നെ സഹായിച്ചില്ല എന്നു പറഞ്ഞ് ജിമ്മിൽ പോകുന്നത് നിർത്തുന്നവർ നിരവധിയുണ്ടാകും, എന്നാൽ അതു ശരിയല്ല എന്നും വ്യായാമം തനിക്ക് ​ഗുണം ചെയ്തുവെന്നും സുസ്മിത പറയുന്നു. താൻ അതിജീവിച്ചത് ​തീവ്രമായൊരു ഹൃദയാഘാതത്തെയാണ്. ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതുകൊണ്ട് മാത്രമാണ് തനിക്ക് അതിജീവിക്കാനായതെന്നും സുസ്മിത വിശദമാക്കുന്നു.

എന്നാൽ ഇപ്പോൾ തനിക്ക് അതേക്കുറിച്ചോർത്ത് ഭയമില്ലെന്നും എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന വിശ്വാസമാണ് ഉള്ളതെന്നും സുസ്മിത പറയുന്നുണ്ട്. ഹൃദയാഘാതം പുരുഷന്മാർക്ക് വരുന്നതാണെന്ന് കരുതുന്നവരെക്കുറിച്ചും സുസ്മിതയ്ക്ക് പറയാനുണ്ട്.

ഹൃദയാഘാതം പുരുഷന്മാരുടെ മാത്രം കാര്യമല്ലെന്ന് സ്ത്രീകൾ മനസ്സിലാക്കണം എന്നാണ് സുസ്മിത പറയുന്നത്. എന്നുകരുതി അത് ഭയപ്പെടേണ്ട കാര്യവുമല്ല, മറിച്ച് ജാ​ഗ്രത പുലർത്തുക എന്നതാണ് പ്രധാനം എന്നും സുസ്മിത. ഇരുപതുകളിൽ ആണെങ്കിൽപ്പോലും ലക്ഷണങ്ങളെ അവ​ഗണിക്കുകയോ ചെക്കപ്പുകൾ ഒഴിവാക്കുകയോ ചെയ്യരുതെന്നും സുസ്മിത പറയുന്നു.

കൂടാതെ തന്നെ പരിചരിച്ച ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ സ്റ്റാഫുകൾക്കും ഈ ഘട്ടത്തിൽ താങ്ങായി നിന്ന ഓരോരുത്തർക്കും സുസ്മിത വീഡിയോയിൽ നന്ദി അറിയിക്കുന്നുണ്ട്. ഈ യാത്ര വേദന കുറഞ്ഞതാകാൻ സഹായിച്ചതിന് നന്ദി അറിയിക്കുകയാണെന്നും വൈകാതെ താൻ രോ​ഗം ഭേദമായി തിരിച്ചുവരുമെന്നും താരം പറയുന്നുണ്ട്. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ കൊടുക്കേണ്ടതിനെക്കുറിച്ചും സുസ്മിത വീഡിയോയിലൂടെ പറയുന്നുണ്ട്.

വീഡിയോയിൽ തന്റെ ശബ്ദം മാറിയിരിക്കുന്നതിനു പിന്നിൽ ത്രോട്ട് ഇൻഫെക്ഷനാണെന്നു പറഞ്ഞ സുസ്മിത ഈ വാർത്ത അറിഞ്ഞതുമുതൽ തന്നെ പിന്തുണച്ച് നിന്നവർ നിരവധിയാണെന്നും അതിൽ താൻ ഭാ​ഗ്യവതിയാണെന്നും കൂട്ടിച്ചേർക്കുന്നു.

Hot Topics

Related Articles