കോട്ടയം: എംസി റോഡിലൂടെ അമിത വേഗത്തിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. യാത്രക്കാരുടെ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ബസ് പിടിച്ചെടുത്തത്. കോട്ടയം കുറവിലങ്ങാട് വാക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന എം ആന്റ് എം ബസാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തത്.
എംസി റോഡിൽ ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. കുറവിലങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് അമിത വേഗത്തിൽ പായുന്നതായി പരാതിപ്പെടുകയായിരുന്നു. ബസിനുള്ളിലിരുന്ന യാത്രക്കാർ ബസ് ഉടമയെ തന്നെ വിവരം വിളിച്ചു പറയുകയും, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തെ അറിയിക്കുകയുമായിരുന്നു. ഇതിനിടെ ബസ് ഉടമയുടെ നിർദേശാനുസരണം കാരിത്താസ് ഭാഗത്ത് ജീവനക്കാർ ബസ് നിർത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ബസ് ജീവനക്കാർ യാത്രക്കാരെ മുഴുവൻ മറ്റൊരു ബസിൽ കയറ്റി വിട്ടു. തുടർന്നു, യാത്രക്കാരെ ഇറക്കിയ ശേഷം ഡ്രൈവറും കണ്ടക്ടറും തിരികെ മടങ്ങുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് എം വിഐ ബി.ആശാകുമാർ, എഎംവിഐമാരായ സജീത്ത്, ജോർജ് വർഗീസ് എന്നിവർ ചേർന്നു ബസ് പിടികൂടി. തുടർന്നു, ബസ് പാർക്ക് ചെയ്ത ശേഷം ജീവനക്കാരുടെ രേഖകൾ പരിശോധിച്ചു. എന്നാൽ, ഡ്രൈവറുടെ പക്കൽ ലൈസൻസ് ഉണ്ടായിരുന്നില്ല. ഈ ലൈസൻസ് ഹാജരാക്കാൻ മോട്ടോർ വാഹന വകുപ്പ് സമയം അനുവദിച്ചിട്ടുണ്ട്. അപകടകരമായി വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്യും.