മെക്ക്സിക്കോ സിറ്റി:മെക്സിക്കോയിലെ അറ്റ്ലാകോമുൽകോയിൽ നടന്ന ഭ റെയിൽവേ അപകടത്തിൽ 10 പേർ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണ് ചരക്കു ട്രെയിൻ, റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഇരട്ടനില ബസിനെ ഇടിച്ചുകയറിയത്.അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ, നിരന്തരം വാഹനങ്ങൾ കടന്ന് പോകുന്ന ക്രോസിങിലൂടെ ബസ് പതുക്കെ ട്രാക്കിലേക്ക് കയറുന്നതും, തുടർന്ന് അതിവേഗത്തിൽ എത്തിയ ട്രെയിൻ ബസിന്റെ മധ്യഭാഗത്ത് ഇടിക്കുന്നതും വ്യക്തമാണ്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുകളിലെ ഡെക്ക് പൂർണമായും തകർന്നു.
സംഭവസ്ഥലത്ത് റെയിൽവേ ഗേറ്റുകളോ മുന്നറിയിപ്പ് സിഗ്നലുകളോ ഇല്ലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിന് തൊട്ടുമുൻപ് വരെ പല കാറുകളും സുരക്ഷാ സംവിധാനങ്ങളില്ലാതെ തന്നെ ട്രാക്കുകൾ മുറിച്ചുകടന്നതും വിഡിയോയിൽ കാണാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെക്സിക്കോ സ്റ്റേറ്റ് അറ്റോർണി ജനറൽ ഓഫീസ് നൽകിയ വിവരംപ്രകാരം മരിച്ചവരിൽ ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.മെക്സിക്കോ സിറ്റിയിൽ നിന്ന് ഏകദേശം 115 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അറ്റ്ലാകോമുൽകോ പട്ടണത്തിനും, മൈക്കോവാക്കൻ സംസ്ഥാനത്തെ മറാവതിയോയ്ക്കും ഇടയിലുള്ള ഹൈവേയിലെ പ്രധാന വ്യാവസായിക മേഖലയിലാണ് ദുരന്തം നടന്നത്.