ഇനി വഴിയടച്ച് വണ്ടിയിട്ടാല്‍ കാറ്റഴിച്ചു വിടും..! വിമുക്തഭടന്മാര്‍ക്ക് , അനധികൃത പാര്‍ക്കിംങ് കൊണ്ടു പൊറുതിമുട്ടിയ മൂലവട്ടത്തുകാരുടെ അന്ത്യശാസനം

കോട്ടയം: മധ്യകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും മൂലവട്ടം മിലട്ടറി ക്യാന്റീനില്‍ എത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങളുടെ പാര്‍ക്കിംങ് മൂലം പൊറുതിമുട്ടി നാട്ടുകാര്‍. മൂലവട്ടത്ത് പ്രവര്‍ത്തിക്കുന്ന മിലട്ടറി ക്യാന്റിനിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍
റോഡടച്ച് പാര്‍ക്ക് ചെയ്യുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. മൂലവട്ടം മേല്‍പ്പാലത്തിന്റെ സര്‍വീസ് റോഡില്‍ നിന്നും റെയില്‍വേ ട്രാക്കിനു സമീപത്തുകൂടിയുള്ള റോഡിലാണ് വഴിയടച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. അന്‍പതോളം കുടുംബങ്ങള്‍ താമസിക്കുന്ന വഴിയിലാണ് വാഹനങ്ങള്‍ക്ക് കടന്നു പോകാനാവാത്ത വിധം അനധികൃത പാര്‍ക്കിംങ്.

Advertisements

കഴിഞ്ഞ ദിവസം രാത്രിയില്‍ ട്രെയിനില്‍ നിന്നും വീണ് പത്തുവയസുകാരന്‍ ഇവിടെ മരിച്ചിരുന്നു. ഈ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് കടന്നു പോകാനാവാത്ത നിലയിലാണ് വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. ഇത് കൂടാതെ പ്രദേശവാസിയായ ഒരു വയോധികനെ ആശുപത്രിയില്‍ കൊണ്ടു പോകാനും ഇതുമൂലം വൈകി. രോഗിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനായി വന്ന വാഹനം കടന്നു പോകുന്നതിനായി കാറുകള്‍ മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് മിലട്ടറി ക്യാന്റീന്‍ അധികൃതരെ നാട്ടുകാര്‍ ബന്ധപ്പെട്ടു. എന്നാല്‍, ഇവിടെയുണ്ടായിരുന്ന അസി.മാനേജരും, സെക്യൂരിറ്റി ജീവനക്കാരനും കാറുകളുടെ ടയറിന്റെ കാറ്റ് അഴിച്ചു വിടാനാണ് നാട്ടുകാരോട് പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ തിരികെ എത്തിയ നാട്ടുകാര്‍ ടയറിന്റെ കാറ്റ് അഴിച്ചു വിട്ടു പ്രതിഷേധിച്ചു. നാലു കാറുകളാണ് ഈ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഈ കാറുകളുടെ ഉടമകള്‍ സ്ഥലത്ത് എത്തി ചര്‍ച്ച നടത്തിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചില്ല. തുടര്‍ന്നു കണ്‍ട്രോള്‍ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തി. നാട്ടുകാരും ക്യാന്റീനിലെത്തിയവരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുമെന്ന സാഹചര്യത്തെ തുടര്‍ന്നു നഗരസഭ അംഗം അഡ്വ.ഷീജ അനില്‍ സംഭവ സ്ഥലത്ത് എത്തി. തുടര്‍ന്നു, സി.പി.എം കുറ്റിക്കാട് ബ്രാഞ്ച് സെക്രട്ടറി വിഷ്ണു ഗോപാലിന്റെയും, നഗരസഭ അംഗത്തിന്റെയും നേതൃത്വത്തില്‍ നാട്ടുകാര്‍ ക്യാന്റീന്‍ അധികൃതരുമായി ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ കാര്‍ പാര്‍ക്ക് ചെയ്യില്ലെന്നു ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.

Hot Topics

Related Articles