മുണ്ടിനീര് വ്യാപനം: ആലപ്പുഴ തുമ്പോളി എസ്.എൻ.വി.എൽ.പി സ്കൂളിന് 21 ദിവസം അവധി: ക്ലാസുകൾ ഓൺലൈനായി തുടരും

ആലപ്പുഴ: കുട്ടികളിൽ മുണ്ടിനീര് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ തുമ്പോളി എസ്.എൻ.വി.എൽ.പി സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലകലക്ടർ. രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂളിന് അവധി നൽകണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്നാണ്​ നടപടി. ഇതേത്തുടർന്ന്​ ജൂലൈ ഒന്ന്​ മുതൽ 21 ദിവസത്തേക്ക് മുൻകാലപ്രാബല്യത്തോടെ അവധി അനുവദിച്ച് ജില്ല കലക്ടർ ഷാജി വി. നായർ ഉത്തരവിട്ടത്​. ​ഈ ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിന്​ ആവശ്യമായ ക്രമീകരണങ്ങൾ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ നിർവഹിക്കണം. വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നുപിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ-തദ്ദേശ സ്ഥാപനങ്ങൾ വകുപ്പുകൾ സംയുക്തമായി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്​.
ഉമിനീര്‍ ഗ്രന്ഥികളെ ബാധിക്കുന്ന വൈറല്‍ അണുബാധയാണ്‌ മുണ്ടിനീര്‌ അഥവാ മംപ്‌സ്‌. പാരാമിക്‌സോവൈറസ്‌ മൂലം വരുന്ന ഈ രോഗം ഉമിനീര്‍ വഴിയും ശ്വാസകോശത്തില്‍ നിന്നു പുറത്ത്‌ വരുന്ന തുള്ളികള്‍ വഴിയും പടരുന്നു. ശ്വസനനാളി വഴി ശരീരത്തിനുള്ളില്‍ കടക്കുന്ന പാരാമിക്‌സോവൈറസ്‌ പിന്നീട്‌ രക്തപ്രവാഹത്തിലേക്കും പടരും. വൈറസ്‌ അണുബാധക്കും നീര്‍ക്കെട്ടിനും കാരണമാകുന്നു. രണ്ട്‌ വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികളിലാണ്‌ ഈരോഗം പൊതുവേവരാറുള്ളത്‌. എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ വാക്‌സീന്‍ എടുത്ത കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും അവരുടെ പ്രതിരോധ ശേഷികുറഞ്ഞതിനെത്തുടർന്ന്​ രോഗം വരാറുണ്ട്​. അണുബാധ പടരാതിരിക്കാന്‍ കൃത്യസമയത്ത്‌ രോഗനിര്‍ണയം നടത്തണം.

Advertisements

Hot Topics

Related Articles