‘ബിജെപിയില്‍ ചേരാൻ കടുത്തസമ്മര്‍ദം, 25 കോടി വാഗ്ദാനം ചെയ്തു’; ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമമെന്ന് എഎപി

ന്യൂഡൽഹി : ഡല്‍ഹി സർക്കാരിനെ വീഴ്ത്താൻ ബിജെപി അട്ടിമറി ശ്രമം നടത്തുന്നെന്ന ഗുരുതര ആരോപണവുമായി എഎപി നേതാവും മന്ത്രിയുമായ അതിഷി. ബിജെപിയില്‍ ചേരാൻ കടുത്ത സമ്മർദ്ദമുണ്ടെന്നും അടുത്ത സുഹൃത്തുവഴി ആവശ്യവുമായി ബിജെപി തന്നെ സമീപിച്ചെന്നും അവർ ആരോപിച്ചു. ഡല്‍ഹിയില്‍ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അതിഷിയുടെ വെളിപ്പെടുത്തല്‍. രാഷ്ട്രീയഭാവി സുരക്ഷിതമാക്കാം എന്നായിരുന്നു ലഭിച്ച ഓഫർ എന്നും ബിജെപിയില്‍ ചേർന്നില്ലെങ്കില്‍ ഒരുമാസത്തിനുള്ളില്‍ ഇ.ഡി അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു. എഎപി പിളരില്ലെന്നും ഭീഷണിപ്പെടുത്തിയാലും ബിജെപിയില്‍ ചേരില്ലെന്നും വ്യക്തമാക്കിയ അതിഷി, ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെയും സൗരവ് ഭരദ്വാജ്, രാഘവ് ചദ്ദ, ദുർഗേജ് പാഠക് എന്നിവരെയും അറസ്റ്റുചെയ്യാനുള്ള നീക്കം നടക്കുന്നതായും ആരോപിച്ചു.

ആംആദ്മി എംഎല്‍എമാരെ വിലയ്ക്കെടുക്കാൻ ബിജെപി ശ്രമം ആരംഭിച്ചെന്ന് എഎപി നേതാവ് ഋതുരാജ് ഝായും നേരത്തെ വെളിപ്പെടുത്തിയിരുന്നു. 10 എഎപി എംഎല്‍എമാരെ അടർത്തിയെടുത്ത് കൊണ്ടുവന്നാല്‍ ഓരോരുത്തർക്കും 25 കോടി രൂപ വീതം നല്‍കാമെന്ന് ബിജെപി വാഗ്ദാനംചെയ്തെന്നായിരുന്നു ഝായുടെ ആരോപണം. ആംആദ്മി സർക്കാരിനെ തകർത്ത് പുറത്തുവന്നാല്‍ ഡല്‍ഹിയിലെ ബിജെപി സർക്കാരില്‍ മന്ത്രിപദം നല്‍കാമെന്ന് ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുമ്ബോഴായിരുന്നു എഎപി എംഎല്‍എയായ ഝായുടെ ആരോപണം. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന അഭ്യൂഹം മാത്രമായിരുന്നു ഇത്രനാള്‍ ഉണ്ടായിരുന്നത്. എന്നാല്‍, ബിജെപി ഓപ്പറേഷൻ താമര ആരംഭിച്ചുകഴിഞ്ഞു. പക്ഷെ, ഒരു എംഎല്‍എ പോലും എഎപി വിട്ടുപോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, കെജ്രിവാളിന്റെ അറസ്റ്റില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് എഎപി ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഡല്‍ഹി എംഎല്‍എയും പാർട്ടി വക്താവുമായ അഭയ് വർമ്മ പറഞ്ഞു.

Hot Topics

Related Articles